ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കറക്കി വീഴ്‌ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസേ നേടാനായുള്ളു. അവസാന ഓവറുകളിൽ തകർപ്പൻ ബോളുകളുമായി കളം നിറഞ്ഞ വരുൺ ചക്രവർത്തിയാണ് സണ്‍റൈസേഴ്‌സിൽ നിന്ന് വിജയം തട്ടിയെടുത്തത്.
സണ്‍റൈസേഴ്‌സിന്‍റെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും മായങ്ക് അഗര്‍വാളും മികച്ച രീതിയില്‍ തന്നെയാണ് ബാറ്റുവീശിയത്. എന്നാല്‍ രണ്ടാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ മായങ്കിനെ മടക്കി ഹര്‍ഷിത് റാണ സണ്‍റൈസേഴ്‌സിന്‍റെ പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ചു. 11 പന്തില്‍ 18 റണ്‍സായിരുന്നു മായങ്കിൻ്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ അഭിഷേക് ശര്‍മയും കൂടാരം കയറി. ശാര്‍ദൂല്‍ താക്കൂറിന്‍റെ പന്തില്‍ ആന്ദ്രേ റസലിന് ക്യാച്ച് നല്‍കിയായിരുന്നു അഭിഷേക് തിരിഞ്ഞുനടന്നത്.
പിന്നാലെ എത്തിയ രാഹുല്‍ ത്രിപാഠി തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ക്യാമ്പില്‍ ആവേശം ഉയര്‍ന്നു. എന്നാല്‍ ത്രിപാഠിയെ മടക്കി റസല്‍ കൊല്‍ക്കത്തയ്‌ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കി. ഒമ്പത് പന്തില്‍ 20 റണ്‍സ് എഴുതിച്ചേര്‍ത്താണ് രാഹുല്‍ ത്രിപാഠി മടങ്ങിയത്. പിന്നീടെത്തിയ ഹാരി ബ്രൂക്കിനും കാര്യമായൊന്നും ചെയ്യാനായില്ല. സംപൂജ്യനായി ബ്രൂക്കും മടങ്ങി.
തുടർന്ന് ക്രീസിലൊന്നിച്ച എയ്ഡന്‍ മാര്‍ക്രവും ഹെൻറിച്ച് ക്ലാസനും ചേർന്ന് സൺറൈസേഴ്സിന് പുതുജീവൻ നൽകി. സ്‌ട്രൈക്കര്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡുകളില്‍ മാറി മാറി നിന്ന് ഇരുവരും സണ്‍റൈസിന്‍റെ ജീവന്‍ നിലനിര്‍ത്തി വന്നു. അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഇവരില്‍ ക്ലാസനെ ശാര്‍ദൂല്‍ താക്കൂര്‍ മടക്കിയതോടെ മത്സരത്തിന്‍റെ താളം വീണ്ടും പതിഞ്ഞു. 20 പന്തില്‍ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പടെ 36 റണ്‍സ് നേടിയാണ് ക്ലാസന്‍ റസലിന്‍റെ കൈകളില്‍ കളി അവസാനിപ്പിച്ചത്.
പിന്നാലെ ടീം സകോർ 145ൽ നിൽക്കെ എയ്ഡൻ മാർക്രവും പുറത്തായി. 40 പന്തിൽ 41 റൺസ് നേടിയായിരുന്നു താരത്തിൻ്റെ മടക്കം. ഇതോടെ സണ്‍റൈസേഴ്‌സിൻ്റെ തകർച്ചയും ആരംഭിച്ചു. പിന്നാലെ മാർകോ ജാൻസനും (1), അവസാന ഓവറിലെ മൂന്നാം പന്തിൽ അബ്ദുൾ സമദും (21) പുറത്തായതോടെ സണ്‍റൈസേഴ്‌സ് തോൽവി ഉറപ്പാക്കി.
ഭുവനേശ്വർ കുമാർ (5), മായങ്ക് മാർക്കണ്ഡെ (1) എന്നിവർ പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ഷാർദുൽ താക്കൂർ, വൈഭവ് അറോറ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹർഷിത് റാണ, ആന്ദ്രേ റസൽ, അൻകുൽ റോയ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി.
പോരാടിയത് റാണയും റിങ്കുവും: ടോസ് നേടിയ കൊല്‍ക്കത്ത, ഹൈദരാബാദിന് മുന്നില്‍ വലിയ വിജയലക്ഷ്യം ഉയര്‍ത്തുക എന്ന ഉദ്യേശത്തോടെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നിലയുറപ്പിക്കും മുമ്പേ ക്രീസ് വിട്ട കൊല്‍ക്കത്തന്‍ ബാറ്റര്‍മാര്‍ നായകൻ നിതീഷ് റാണയുടെ ഈ തീരുമാനം പാളിപ്പോയി എന്ന് വ്യക്തമാക്കി. ഇതോടെ കൊല്‍ക്കത്തയ്‌ക്ക് സണ്‍റൈസേഴ്‌സിന് മുന്നില്‍ പൊരുതാവുന്ന ടോട്ടലില്‍ കളി അവസാനിപ്പിക്കേണ്ടതായും വന്നു.
കൊല്‍ക്കയ്‌ക്കായി ഓപ്പണ്‍ ചെയ്യാനെത്തിയത് ജേസന്‍ റോയയിയും റഹ്മാനുള്ള ഗുര്‍ബാസുമായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗുര്‍ബാസ് മടങ്ങിയതോടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് എന്ന കൊല്‍ക്കത്തന്‍ സ്വപ്‌നം തവിടുപൊടിയായി. അഫ്‌ഗാന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഗുര്‍ബാസ് മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ ഹാരി ബ്രൂക്കിന്‍റെ കൈകളിലൊതുങ്ങുകയായിരുന്നു.
കൂടാതെ നേരിട്ട നാലാം പന്തില്‍ വെങ്കടേഷ് അയ്യരും തിരികെ കയറിയതോടെ കൊല്‍ക്കത്ത പരുങ്ങി. ഏഴ് റണ്‍സ് മാത്രം സ്‌കോര്‍ കാര്‍ഡിലേക്ക് എഴുതിച്ചേര്‍ത്തായിരുന്നു വെങ്കടേഷ് അയ്യരുടെ മടക്കം. അധികം വൈകാതെ നാലാമത്തെ ഓവറില്‍ ജേസന്‍ റോയയിയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇതോടെ പവര്‍പ്ലേയില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 35 റണ്‍സ് മാത്രമായി ഒതുങ്ങി.
എന്നാല്‍ തുടര്‍ന്നെത്തിയ നായകന്‍ നിതീഷ് റാണ കരുതലോടെയാണ് ബാറ്റ് വീശിയത്. ഇതോടെ സാമാന്യം മികച്ച രീതിയില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. 11 ആം ഓവറിലെ രണ്ടാമത്തെ പന്തില്‍ റാണയെ മടക്കി മാര്‍ക്രം സണ്‍റൈസേഴ്‌സിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. 31 പന്തില്‍ മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളുമുള്‍പ്പെടെ 42 റണ്‍സായിരുന്നു തിരികെ കയറുമ്പോള്‍ കൊല്‍ക്കത്തന്‍ നായകന്‍റെ സമ്പാദ്യം.
റാണ തുടങ്ങിവച്ച സെന്‍സിബിള്‍ ബാറ്റിങ് ഒപ്പമുണ്ടായിരുന്ന റിങ്കു സിങും ക്രീസില്‍ പകര്‍ത്തി. പുതുതായി ക്രീസിലെത്തിയ ആന്ദ്രേ റസല്‍ കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചുവെങ്കിലും 15 പന്തില്‍ 24 റണ്‍സുമായി വേഗത്തില്‍ കൂടാരം കയറി. പിറകെ എത്തിയ സുനില്‍ നരേനും (1) ശാർദുൽ താക്കൂറിനും (8) രണ്ടക്കം കടക്കാനായില്ല. ഈ സമയമെല്ലാം തന്നെ റിങ്കു സിങ് കൊല്‍ക്കത്തയ്‌ക്കായി ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു.
അവസാന ഓവറിലെ രണ്ടും മൂന്നും പന്തില്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി നടരാജന്‍ കൊല്‍ക്കത്തയുടെ പ്രയാണം അവസാനിപ്പിച്ചു. ഇതിനിടെ 35 പന്തില്‍ ഒരു സിക്‌സറും നാല് ബൗണ്ടറികളും ഉള്‍പ്പടെ 46 റണ്‍സായിരുന്നു റിങ്കു ടീം ടോട്ടലിലേക്ക് എഴുതിച്ചേര്‍ത്തത്. ഏഴ് പന്തില്‍ 13 റണ്‍സ് നേടിയ അനുകുല്‍ റോയിയും ഒരു പന്തില്‍ രണ്ട് റണ്‍സ് നേടിയ വൈഭവ് അറോറയുമാണ് കൊല്‍ക്കത്തന്‍ നിരയിലെ മറ്റ് ബാറ്റര്‍മാര്‍.
അതേസമയം സണ്‍റൈസേഴ്‌സിനായി മാര്‍ക്കോ ജാന്‍സനും നടരാജനും രണ്ട് വിക്കറ്റുകള്‍ വീതവും ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, എയ്ഡൻ മാർക്രം, മായങ്ക് മാർക്കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.