ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗില്‍ പ്ലേ ഓഫ് സാധ്യത തുലാസിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 'ഇഞ്ചുറി'യേല്‍പ്പിച്ച് ഹെൻറിച്ച് ക്ലാസന്‍റെ സെഞ്ചുറി. നേരിട്ട 51 പന്തില്‍ ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളുമുള്‍പ്പടെയാണ് ക്ലാസന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചത്. അനായാസം മത്സരം ജയിച്ച് റണ്‍ റേറ്റ് വര്‍ധിപ്പിച്ച് പ്ലേ ഓഫ് സാധ്യത നേടുക എന്ന ബെംഗളൂരു സ്വപ്‌നത്തിന് മുന്നിലാണ് ക്ലാസന്‍ സെഞ്ചുറി മതില്‍ പണിതത്.
മത്സരത്തില്‍ ടോസ് ജയിച്ച ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസിസ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് നിരയെ എറിഞ്ഞിട്ട് ചേസിങ്ങിലൂടെ മത്സരം സ്വന്തമാക്കുക എന്ന ബാംഗ്ലൂരിന്‍റെ ചിന്ത ഇതില്‍ വ്യക്തമായിരുന്നു. മത്സരത്തില്‍ സണ്‍റൈസേഴ്‌സിനായി ഓപ്പണര്‍മാരായെത്തിയ അഭിഷേക് ശര്‍മയും രാഹുൽ ത്രിപാഠിയും തുടക്കം മുതല്‍ തകര്‍ത്തടി ആരംഭിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് ദൃഢമായാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ബാംഗ്ലൂര്‍ മനസിലാക്കി. അങ്ങനെയിരിക്കെ അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മയെ മടക്കി മിച്ചൽ ബ്രേസ്വെൽ ബാംഗ്ലൂരിന് ആശ്വാസ ബ്രേക്ക് ത്രൂ നല്‍കി.
14 പന്തില്‍ രണ്ട് ബൗണ്ടറികളുമായി നില്‍ക്കെയാണ് അഭിഷേക്, ലോംറോറിന് ക്യാച്ച് നല്‍കി മടങ്ങിയത്. രണ്ട് പന്തുകള്‍ക്കിപ്പുറം രാഹുല്‍ ത്രിപാഠിയും കൂടാരം കയറി. ഒരു സിക്‌സും രണ്ട് ബൗണ്ടറികളുമായി 15 റണ്‍സുമായി നിന്ന ത്രിപാഠി ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് തിരിച്ചുനടന്നത്. പിന്നാലെയെത്തിയ ക്യാപ്‌റ്റന്‍ ഐഡന്‍ മാര്‍ക്രമും ക്ലാസനും ചേര്‍ന്ന് സണ്‍റൈസേഴ്‌സ് നിരയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ 13ാം ഓവറില്‍ ഷഹ്‌ബാസ് അഹ്‌മദിന്‍റെ പന്തില്‍ മാര്‍ക്രം മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് ക്യാമ്പ് നിശബ്‌ദമായി. 20 പന്തില്‍ 18 റണ്‍സ് മാത്രമായിരുന്നു സണ്‍റൈസേഴ്‌സ് നായകന്‍റെ സമ്പാദ്യം.
പകരമെത്തിയ ഹാരി ബ്രൂക്ക് അര്‍ധ സെഞ്ചുറി കഴിഞ്ഞ് കുതിക്കുന്ന ക്ലാസന് മികച്ച പിന്തുണ നല്‍കി. ഈ പിന്തുണയുടെ സഹായത്തോടെ ക്ലാസന്‍ സെഞ്ചുറി വിരിയിച്ചു. ഇതോടെ സണ്‍റൈസേഴ്‌സ് വഴിമുടക്കിയാവുമെന്ന തോന്നലും ബാംഗ്ലൂര്‍ നിരയില്‍ പ്രകടമായി. സെഞ്ചുറി നേടിയതോടെ അപകടകാരിയാകാന്‍ സാധ്യതയുള്ള ക്ലാസനെ 19ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ മടക്കി.
ശേഷിക്കുന്ന പന്തുകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്താതിരിക്കാന്‍ ബാറ്റര്‍മാര്‍ ശ്രദ്ധിച്ചതോടെ പിന്നാലെയെത്തിയ ഗ്ലെന്‍ ഫിലിപ്പിനെ കൂടെക്കൂട്ടി ഹാരി ബ്രൂക്ക് 186 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ബാംഗ്ലൂരിനായി ബ്രേസ്‌വെല്‍ രണ്ടും ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ബാംഗ്ലൂർ സണ്‍റൈസേഴ്‌സിനെ നേരിടാനെത്തിയത്. മറുവശത്ത് സണ്‍റൈസേഴ്‌സ് മായങ്ക് മാർക്കണ്ഡെ, മാർക്കോ ജാൻസെൻ, ടി നടരാജൻ, സൻവീർ സിങ്, ഫസൽഹഖ് ഫാറൂഖി എന്നിവർക്ക് പകരം ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്‌സ്, കാർത്തിക് ത്യാഗി, മായങ്ക് ദാഗർ, നിതീഷ് റെഡ്ഡി എന്നീ അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റ് മാത്രമുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരം അതിനിർണായകമാണ്. പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ടീമിന് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ രണ്ടും വിജയിച്ചാൽ മാത്രമേ ആദ്യ നാലിൽ കടക്കാൻ സാധിക്കുകയുള്ളൂ.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 59 റണ്‍സില്‍ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസവുമായാണ് ബാംഗ്ലൂര്‍ ഇന്ന് കളത്തിലിറങ്ങിയത്. മാത്രമല്ല ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസിലും, ഗ്ലെൻ മാക്‌സ്‌വെല്ലിലുമാണ് ടീമിന്‍റെ മുഴുവന്‍ പ്രതീക്ഷയും. ഇവര്‍ക്കൊപ്പം ബാറ്റിങ്ങില്‍ നഷ്‌ടപ്പെട്ട താളം വിരാട് കോലി കൂടി വീണ്ടെടുത്താൽ ഹൈദരാബാദ് ബൗളിങ് നിര നല്ലവണ്ണം വിയർക്കേണ്ടി വരും.