ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സാണ് നേടിയത്. 32 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സംഘത്തിന്‍റ ടോപ് സ്‌കോറര്‍.
34 പന്തില്‍ 30 റണ്‍സെടുത്ത സര്‍ഫറാസ് ഖാനും വാലറ്റത്ത് 22 പന്തില്‍ 36 നേടിയ അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ സംഘത്തിന് നഷ്‌ടമയി. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി അല്‍സാരി ജോസഫിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തന്‍റെ അടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷിനേയും ഷമി മടക്കിയതോടെ ഡല്‍ഹി 4.2 ഓവറില്‍ രണ്ട് ഓവറില്‍ രണ്ടിന് 37 എന്ന നിലയിലേക്ക് വീണു.
നാല് പന്തില്‍ നാല് റണ്‍സ് റണ്‍സെടുത്ത മാര്‍ഷിനെ ഷമി ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സര്‍ഫറാസ് ഖാനും പതിയം ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഒമ്പതാം ഓവറിന്‍റെ രണ്ടാം പന്തില്‍ വാര്‍ണറെ ബൗള്‍ഡാക്കിയ അല്‍സാരി ജോസഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റില്‍ 30 റണ്‍സാണ് വാര്‍ണറും സര്‍ഫറാസും കൂട്ടിച്ചേര്‍ത്തത്.
തുടര്‍ന്നെത്തിയ റിലീ റൂസോ ഗോള്‍ഡന്‍ ഡക്കായതോടെ ഡല്‍ഹി കൂടുതല്‍ പ്രതിരോധത്തിലായി. ആറാമന്‍ അഭിഷേക് പോറെലിനെ കൂട്ടുപിടിച്ച സര്‍ഫറാസ് ഡല്‍ഹിയെ നൂറ് കടത്തി. എന്നാല്‍ അരങ്ങേറ്റക്കാരനായ പോറലിനെ വീഴ്‌ത്തി റാഷിദ് ഖാന്‍ ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി.
11 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 20 റണ്‍സാണ് താരം നേടിയത്. തുടര്‍ന്നെത്തിയ അക്‌സറിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ സര്‍ഫറാസ് ഖാനെയും റാഷിദ് മടക്കി. എട്ടാമന്‍ അമാന്‍ ഖാനും (8 പന്തില്‍ 8) അധികം ആയുസുണ്ടായിരുന്നില്ല. 20ാം ഓവറിന്‍റെ നാലാം പന്തിലാണ് അക്‌സര്‍ പുറത്താവുന്നത്. കുല്‍ദീപ് യാദവ് (1 പന്തില്‍ 1), ആൻറിച്ച് നോർട്ട്ജെ (2 പന്തില്‍ 4) എന്നിവര്‍ പുറത്താവാതെ നിന്നു.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ (പ), അക്സർ പട്ടേൽ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.