ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 224 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 223 റണ്‍സ് നേടി. 141 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്‌വാദും, ഡെവോണ്‍ കോണ്‍വെയും ചേർന്നാണ് ചെന്നൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ ധോണിയുടെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തിലാണ് ചെന്നൈ ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്‌വാദും, ഡെവോണ്‍ കോണ്‍വെയും ബാറ്റ് വീശിയത്. ആദ്യ ഓവറുകളിൽ പതിയെ ബാറ്റ് വീശിയ ഇരുവരും പിന്നീട് കളം മാറ്റി ചവിട്ടുകയായിരുന്നു. ഡൽഹി ബോളർമാരെ ശ്രദ്ധയോടെ നേരിട്ട ഓപ്പണിങ് സഖ്യം പവർപ്ലേയിൽ 52 റണ്‍സായിരുന്നു അടിച്ചെടുത്തത്.
അടിച്ചൊതുക്കി ഓപ്പണർമാർ: പവർപ്ലേ കഴിഞ്ഞതോടെ റിതുരാജും കോണ്‍വെയും ഗിയർ മാറ്റിത്തുടങ്ങി. ഡൽഹി ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് 12-ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി. 12-ാം ഓവറിൽ കുൽദീപ് യാദവിനെ തുടർച്ചയായ മൂന്ന് സിക്‌സുകൾക്കാണ് റിതുരാജ് ശിക്ഷിച്ചത്. കോണ്‍വെയെക്കാൾ അപകടകരമായി ബാറ്റ് വീശിയത് റിതുരാജ് ആയിരുന്നു.
14-ാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്‌കോർ 141ൽ നിൽക്കെയാണ് ഡൽഹിക്ക് ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനായത്. ചേതൻ സക്കറിയയുടെ ബൗണ്‍സർ ബൗണ്ടറി കടത്താനുള്ള റിതുരാജിന്‍റെ ശ്രമം റീലി റൂസോയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. പുറത്താകുമ്പോൾ 50 പന്തുകളിൽ നിന്ന് ഏഴ് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 79 റണ്‍സായിരുന്നു റിതുരാജിന്‍റെ സമ്പാദ്യം.
ദുബെയുടെ മിന്നലാട്ടം: പിന്നാലെ അജിങ്ക്യ രഹാനെക്ക് പകരം ശിവം ദുബെ ക്രീസിലെത്തി. റിതുരാജ് പുറത്തായതോടെ ആക്രമിച്ച് കളിക്കാനുള്ള ദൗത്യം കോണ്‍വെ ഏറ്റെടുത്തു. കൂട്ടിന് ശിവം ദുബെയും എത്തിയതോടെ 15-ാം ഓവറിൽ ചെന്നൈ ടീം സ്‌കോർ 150 കടന്നു. തുടർന്നും ഇരുവരും ആക്രമിച്ച് കളി തുടർന്നു. എന്നാൽ 17-ാം ഓവറിന്‍റെ അവസാന പന്തിൽ ശിവം ദുബെയെ പുറത്താക്കി ഡൽഹി തിരിച്ചടിച്ചു.
പുറത്താകുമ്പോൾ ഒൻപത് പന്തുകളിൽ നിന്ന് മൂന്ന് സിക്‌സുകൾ ഉൾപ്പെടെ 22 റണ്‍സായിരുന്നു ദുബെയുടെ സമ്പാദ്യം. തുടർന്ന് നായകൻ എംഎസ് ധോണി ക്രീസിലെത്തി. ഇതിനിടെ 18-ാം ഓവറിന്‍റെ രണ്ടാം പന്തിൽ ഡെവോണ്‍ കോണ്‍വെയെ ആൻറിച്ച് നോർട്ട്ജെ അമാൻ ഹക്കിമിന്‍റെ കൈകളിലെത്തിച്ചു. 52 പന്തിൽ മൂന്ന് സിക്‌സുകളും 11 ഫോറുകളും ഉൾപ്പെടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്.
പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇതിനിടെ 18-ാം ഓവറിന്‍റെ നാലാം പന്തിൽ കൂറ്റനൊരു സിക്‌സിലൂടെ ജഡേജ ചെന്നൈ ടീം സ്‌കോർ 200 കടത്തി. രവീന്ദ്ര ജഡേജ ഏഴ് പന്തിൽ 20 റണ്‍സുമായും ധോണി നാല് റണ്‍സുമായും പുറത്താകാതെ നിന്നു. ഡൽഹിക്കായി ആൻറിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി.