മുംബൈ : ഐപിഎൽ 15-ാം സീസണിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഇന്നത്തെ മത്സരഫലം അപ്രസക്തമാണെങ്കിലും അവസാന മത്സരം ജയിച്ച് മടങ്ങാനുറച്ചാവും ഇരു ടീമിന്‍റെയും വരവ്. നായകൻ കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ഹൈദരാബാദ് ഭുവനേശ്വർ കുമാറിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങാനാകും സാധ്യത.
വില്യംസണിന്‍റെ അഭാവത്തില്‍ ഹൈദരാബാദിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഭുവനേശ്വര്‍ കുമാറാണ് എന്നാണ് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറിയുടെ അഭിപ്രായം. കാരണം, ഭുവി മുമ്പും ഹൈദരാബാദിനെ നയിച്ചിട്ടുണ്ട് എന്നതുതന്നെ. അത് മാത്രമല്ല ഇത്തവണ പന്തുകൊണ്ട് ഭുവി മികച്ച ഫോമിലുമാണെന്ന് വെട്ടോറി പറയുന്നു.
ബാറ്റിങ്ങിൽ എയ്‌ഡൻ മാർക്രം, രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ എന്നിവരുടെ പ്രകടനത്തിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷ. ഭുവനേശ്വറിനൊപ്പം ടി നടരാജനും ഉമ്രാൻ മാലിക്കുമെല്ലാം ഭേദപ്പെട്ട ബോളിങ് പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.
പഞ്ചാബിനെ സംബന്ധിച്ച് ശിഖർ ധവാൻ, ജോണി ബെയർസ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റൻ എന്നിവരുടെ പ്രകടനത്തിലാണ് പ്രതീക്ഷ. നായകൻ മായങ്ക് അഗർവാളിന്‍റെ മോശം പ്രകടനമാണ് പഞ്ചാബിന് നിരാശയുണ്ടാക്കുന്നത്. ഇത്തവണ ഓപ്പണറായും മധ്യനിരയിലുമെല്ലാം കളിച്ചിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ മായങ്കിനായില്ല. പേസ് നിരയിൽ കഗിസോ റബാഡയും അർഷ്‌ദീപ് സിങ്ങും തിളങ്ങുന്നുണ്ടെങ്കിലും സ്‌പിന്നർ രാഹുൽ ചഹാറിന് പ്രതീക്ഷിച്ച മികവ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
13 മത്സരത്തിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമടക്കം 12 പോയിന്‍റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഹൈദരാബാദും 13 മത്സരത്തിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമാണ് വഴങ്ങിയത്. ജയിച്ചാൽ ഹൈദരാബാദിന് പഞ്ചാബിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്കെത്താം. അല്ലാതെ ജയിച്ചാൽ വലിയ കാര്യമില്ലെന്ന് പറയാം.
സീസണിൽ ആദ്യം നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിന് സൺറൈസേഴ്‌സ് ഹൈദരാബാദാണ് ജയിച്ചത്. ഇതിന് പകരം വീട്ടാനുറച്ചാവും പഞ്ചാബ് ഇറങ്ങുക. ഇരു ടീമിലും വെടിക്കെട്ട് താരങ്ങൾ ഉള്ളതിനാൽ റണ്ണൊഴുകുന്ന തകർപ്പൻ മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.