മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് കിങ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് എത്തുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത ആത്മ വിശ്വാസത്തിലാണ് പഞ്ചാബ് കിങ്സ് കളത്തിലിറങ്ങുക.
ഓപ്പണിങ് കൂട്ടുകെട്ടിൽ നായകൻ മായങ്ക് അഗർവാളിന്‍റെ ഫോമില്ലായ്‌മ പഞ്ചാബിനെ വലയ്‌ക്കുന്നുണ്ട്. എങ്കിലും ശിഖർ ധവാൻ മികച്ച രീതിയിൽ ബാറ്റ് വീശുന്നത് പഞ്ചാബിന് ഏറെ ആശ്വാസകരമാണ്. ക്വാറന്‍റൈൻ പൂർത്തിയാക്കിയ ജോണി ബെയർസ്റ്റോയും ടീമിലെത്തുന്നതും പഞ്ചാബിന്‍റെ കരുത്ത് കൂട്ടും.
തകർപ്പനടികളുമായി ഭാനുക രാജ്‌പക്സെയും, ലിയാം ലിവിങ്സ്റ്റനും കളം നിറഞ്ഞാൽ പഞ്ചാബ് മികച്ച സ്കോറിലേക്ക് നീങ്ങും. കാഗിസോ റബാഡ നയിക്കുന്ന ബോളിങ് നിരയും ശക്‌തമാണ്. ഒഡ്‌യൻ സ്‌മിത്ത്, രാഹുൽ ചഹാർ തുടങ്ങിയ താരങ്ങളും മോശമല്ലാത്ത രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്.
മറുവശത്ത് ഏതൊരു വമ്പൻമാരെയും വീഴ്‌ത്താൻ കഴിവുണ്ടെന്ന് ഗുജറാത്ത് ടൈറ്റൻസ് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഓപ്പണർമാരായ ഡേവിഡ് മില്ലർ, ശുഭ്മാൻ ഗിൽ എന്നിവർ ഫോമിലേക്കുയർന്നാൽ ഗുജറാത്തിനെ തടയുക എളുപ്പമാകില്ല. ടീമിന്‍റെ മധ്യനിരയും ഏറെ ശക്‌തമാണ്.
മധ്യനിരയിൽ മാത്യു വെയ്‌ഡ്, ഹാർദിക് പാണ്ഡ്യ, രാഹുൽ തെവാത്തിയ എന്നിവരും തകർത്തടിക്കുമെന്നുറപ്പ്. ബോളിങ് നിരയാണ് ഗുജറാത്തിൽ കൂടുതൽ ശക്തം. ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിന്‍റെ തുറുപ്പ് ചീട്ട്. റണ്ണൊഴുകുന്ന ബ്രാബോണിൽ ടോസും നിർണായകമാകും.