മുംബൈ: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തിൽ ആര്‍സിബിക്കെതിരെ 200ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചാണ് പഞ്ചാബിന്‍റെ വരവ്. മറുവശത്ത് ചെന്നൈക്കെതിരായ മത്സരത്തിൽ ഗംഭീര സ്വന്തമാക്കിയ കൊൽക്കത്ത രണ്ടാം മത്സരത്തിൽ ബെംഗളൂരുവിന് മുന്നിൽ കീഴടങ്ങി. സീസണിലെ രണ്ടാം ജയമാണ് ഇരുടീമുകളുടെയും ലക്ഷ്യം.
ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കന്‍ കാഗിസോ റബാഡയുടെ വരവിലാണ് പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാളിന്‍റെ പ്രതീക്ഷ. ബാംഗ്ലൂരിനെതിരെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ശാരീരികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട് കൊല്‍ക്കത്തക്ക്. റസൽ ഇല്ലെങ്കില്‍ മുഹമ്മദ് നബിയോ ചമിക കരുണരത്നെയോ കളിച്ചേക്കും.
പരിചയ സമ്പന്നരായ ഇന്ത്യൻ താരങ്ങളുടെ പ്രകടനമാണ് കെകെആറിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. പവര്‍ പ്ലേയില്‍ ഉമേഷ് പുറത്തെടുക്കുന്ന പ്രകടനത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. കളിച്ച രണ്ട് മത്സരങ്ങളിലും പവര്‍പ്ലേയില്‍ ഉമേഷ് കരുത്തുകാട്ടി. ടിം സൗത്തിയും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയത് കൊല്‍ക്കത്തക്ക് ആശ്വാസമാണ്.
ALSO READ: IPL 2022 | ആയുഷ് ബദോണി 'ആത്മവിശ്വാസമുള്ള താരം'; യുവതാരത്തിന് പ്രശംസയുമായി ലൂയിസ്
ശക്തമായ ബാറ്റിംഗ് നിരയാണ് പഞ്ചാബിനുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ടീം തങ്ങളുടെ ബാറ്റിംഗ് മികവ് പുറത്തെടുത്തത്. ഓപ്പണിംഗിൽ നായകൻ മായങ്ക് അഗർവാളും ശിഖർ ധവാനും മധ്യനിരയിൽ ലിയാം ലിവിംഗ്സ്റ്റൺ, ഷാരൂഖ് ഖാൻ, ഒഡിയൻ സ്‌മിത്ത് എന്നിവരിലാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. അവസാന ഓവറുകളിൽ അനാവശ്യമായി റൺസ് വഴങ്ങുന്ന പരമ്പരാഗത ശീലത്തിന് മാറ്റമില്ല. കൊല്‍ക്കത്തയുടെ ആക്രമണ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് ബൗളര്‍മാരായ സന്ദീപ് ശര്‍മയും അര്‍ഷദീപ് സിംഗും ഒഡീന്‍ സ്‌മിത്തും കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.
നേര്‍ക്ക് നേര്‍: നേരത്തെ ഇരുസംഘവുംനേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ കൊല്‍ക്കയ്‌ക്ക് മേല്‍ക്കൈയുണ്ട്. 29 മത്സരങ്ങളില്‍ 19 മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍, വെറും 10 മത്സരങ്ങളിലാണ് പഞ്ചാബ് ജയം നേടിയത്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു.
പിച്ച് റിപ്പോര്‍ട്ട്: വാങ്കഡെയിലെ മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന് ഉറപ്പ്.