ന്യൂഡല്‍ഹി : ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ക്യാപ്റ്റന്‍ വിരാട് കോലിക്കും പേസര്‍ മുഹമ്മദ് സിറാജിനും ചാര്‍ട്ടേഡ് വിമാനം തയ്യാറാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി). ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മാഞ്ചസ്റ്ററിലുള്ള ഇരുവരേയും മത്സരങ്ങള്‍ നടക്കുന്ന ദുബായിലെത്തിക്കാനാണ് ടീം ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്.
ദുബായിലെത്തിയതിന് പിന്നാലെ ആറ് ദിവസത്തെ ക്വാറന്‍റൈന് ശേഷമേ ഇരുവര്‍ക്കും ടീമിനൊപ്പം ചേരാനാവൂ. ഇരുതാരങ്ങളും ഞായറാഴ്‌ച രാവിലയോടെ ദുബായിലെത്തുമെന്ന് ടീമിനോട് അടുത്ത വ്യത്തങ്ങള്‍ പ്രതികരിച്ചു. സെപ്റ്റംബർ 19 മുതലാണ് യുഎഇയിൽ ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.
ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. ഒക്ടോബർ 15 നാണ് ഫൈനൽ.
അതേസമയം ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയിലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്.