ദുബായ് : ഡൽഹി ക്യാപ്പിറ്റൽസിന്‍റെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഓപ്പണർമാരെ നഷ്‌ടമായി. ആദ്യ ഓവറിലെ അവസാന പന്തിൽ ദേവ്ദത്ത് പടിക്കൽ ഡക്ക് ആയപ്പോൾ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ വിരാട് കോലിയും പുറത്തായി. ഇരുവരെയും ആൻറിച്ച് നോര്‍ക്കിയയാണ് പുറത്താക്കിയത്.
തുടർന്ന് ഡിവില്ലിയേഴ്‌സും ശ്രീകർ ഭരത്തും ചേർന്ന് റണ്‍സ് ഉയർത്തി. എന്നാൽ ടീം സ്കോർ 55 ൽ വെച്ച് ഡിവില്ലിയേഴ്‌സ് പുറത്തായി. 26 റണ്‍സെടുത്ത താരത്തെ അക്സർ പട്ടേൽ ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബാംഗ്ലൂർ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 103 റണ്‍സ് നേടിയിട്ടുണ്ട്. ശ്രീകർ ഭഗതും മാക്‌സ്‌വെല്ലുമാണ് ക്രീസിൽ
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ശിഖാർ ധവാൻ-പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ പിൻബലത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. ധവാൻ 35 പന്തിൽ 43 റണ്‍സ് നേടിയപ്പോൾ പൃഥ്വി ഷാ 31 പന്തിൽ 48 റണ്‍സ് നേടി പുറത്തായി. ക്യാപ്‌റ്റൻ റിഷഭ് പന്തിനെ ഡാൻ ക്രിസ്‌റ്റ്യൻ പുറത്താക്കി. 10 റണ്‍സെടുത്ത താരം കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പിന്നലെയെത്തിയ ശ്രേയസ് അയ്യരും ഷിമ്രോണ്‍ ഹെറ്റ്‌മെയറും ചേർന്ന് സ്കോർ മെല്ലെ ഉയർത്തി. ടീം സ്കോർ 143ൽ വെച്ച് അയ്യരെ മുഹമ്മദ് സിറാജ് പുറത്താക്കി. 18 റണ്‍സ് നേടിയ താരം ക്രിസ്റ്റ്യന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹെറ്റ്‌മെയർ അവസാന പന്തിൽ പുറത്തായി. 29 റണ്‍സ് നേടിയ താരത്തെ സിറാജ് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു.
ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ യുസ്‌വേന്ദ്ര ചഹാൽ, ഹർഷൽ പട്ടേൽ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.