ചെന്നെെ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബെെ ഇന്ത്യന്‍സിനെതിരായ വിജയത്തിന് പിന്നാല മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ അഭിനന്ദിച്ച് ആര്‍സിബി ക്യാപ്റ്റന്‍ രംഗത്തെത്തിയിരുന്നു.വ്യക്തമായ പദ്ധതികളിലൂടെ കളിക്കുന്ന ഹര്‍ഷല്‍ തങ്ങളുടെ ഡെത്ത് ബൗളറാവുമെന്നാണ് കോലിയുടെ പ്രശംസ.
ഇപ്പോഴിതാ ടീമിലെ തന്‍റെ റോള്‍ എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് പ്രതികരിച്ചിരിക്കുകയാണ് ഹര്‍ഷല്‍. ഡല്‍ഹിയില്‍ നിന്നും ആര്‍സിബിയിലെത്തിയപ്പോള്‍ ടീമിനായി ഞാന്‍ എന്തു ചെയ്യുമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. വേഗതയിലെ മാറ്റവും സ്ലോ യോർക്കറുമാണ് തന്‍റെ ഏറ്റവും വലിയ ശക്തി. ഹര്‍ഷല്‍ പറഞ്ഞു.
മുംബെെക്കെതിരായ മത്സരത്തില്‍ അവസാന ഓവറുകളില്‍ പന്തെറിയണമെന്ന് നേരത്തെ തന്നെ നിര്‍ദേശം ലഭിച്ചിരുന്നതായും ഹര്‍ഷല്‍ വെളിപ്പെടുത്തി. 'അവസാന രണ്ട് ഓവറിൽ ഞാൻ പന്തെറിയണമെന്ന് കൃത്യമായ നിർദേശങ്ങളുണ്ടായിരുന്നു. അതെനിക്ക് വ്യക്തമായ ഒരു ധാരണ തന്നു. ബാറ്റ്സ്മാന്മാര്‍ക്കെതിരെ ശരിയായ പദ്ധതികള്‍ തയ്യാറാക്കാന്‍ അതെന്നെ സഹായിച്ചു'. താരം പറഞ്ഞു.
മുംബെെക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ ഹര്‍ഷലിന് കഴിഞ്ഞിരുന്നു. 2012ല്‍ ആര്‍സിബിയിലുടെ ഐപിഎല്ലില്‍ അരങ്ങേറിയ ഗുജറാത്ത് സ്വദേശിയായ ഹര്‍ഷല്‍ 2018ല്‍ ഡല്‍ഹിലേക്ക് കൂടുമാറിയിരുന്നു. തുടര്‍ന്ന് 14ാം സീസണിന് മുന്നോടിയായി നടന്ന മിനി താരലേലത്തിലൂടെയാണ് ആര്‍സിബിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. ഇതിനകം തന്നെ 49 മത്സരങ്ങളില്‍ നിന്നായി 56 വിക്കറ്റുകള്‍ ഹര്‍ഷല്‍ നേടിയിട്ടുണ്ട്.