മുംബൈ: ഐപിഎല്ലിന്‍റെ 15ാം സീസണിൽ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ് വിസ്‌മയിപ്പിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ യുവ പേസറായ ഉമ്രാന്‍ മാലിക്ക്. 22കാരനായ താരം തന്‍റെ വേഗ റെക്കോഡുകളെത്തന്നെ തകര്‍ക്കാനാണ് ഓരോ മത്സരത്തിലൂടെയും ശ്രമിക്കുന്നത്. 153 കിലോ മീറ്ററിലധികം വേഗത്തില്‍ പന്തെറിഞ്ഞ് ഈ സീസണിലെ അതിവേഗ പന്തെന്ന റെക്കോഡ് ഇതിനോടകം ഉമ്രാന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്‍റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു പന്തിന്‍റെ0 വേഗം 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലും. ന്യൂസിലാന്‍റിന്‍റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ എറിഞ്ഞതും ഉമ്രാൻതന്നെയായിരുന്നു.
എന്നാല്‍ വേഗം കൊണ്ട് ഞെട്ടിക്കുന്ന ഉമ്രാന്‍ റൺസ് വിട്ട് കൊടുക്കുന്നതിൽ യാതൊരുവിധ പിശുക്കും കാണിക്കുന്നില്ല. ഓവറിൽ 10 റൺസിലധികം ഇക്കോണമിയുള്ള ഉമ്രാന്‍ വിക്കറ്റ് വീഴ്‌ത്തുന്നതിലും പിറകിലാണ്. ഇത്‌വരെ അഞ്ച് മത്സരങ്ങളിലായി അഞ്ച് വിക്കറ്റാണ് താരത്തിന്‍റെ സമ്പാദ്യം.
ഇപ്പോഴിതാ പന്തിന്‍റെ വേഗം നോക്കുന്നത് നിര്‍ത്തി കുറവ് റൺസ് വഴങ്ങാന്‍ ശ്രമിക്കാന്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
ALSO READ: IPL 2022 | ത്രസിപ്പിച്ച് ത്രിപാഠി, പിന്തുണച്ച് മാർക്രം; ഹൈദരാബാദിന് ഹാട്രിക് ജയം
'ഏറ്റവും വേഗത്തില്‍ പന്തെറിയുന്നതിന് ശ്രദ്ധ നല്‍കുന്നത് അവസാനിപ്പിക്കൂ. ശ്രദ്ധിക്കേണ്ടത് 40 റണ്‍സില്‍ കുറവ് വഴങ്ങാനാണ്. അവന്‍ റണ്‍സ് വഴങ്ങുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ ഭുവനേശ്വര്‍ കുമാര്‍ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. ഡെത്ത് ഓവറില്‍ നടരാജന്‍ നന്നായി പന്തെറിയുന്നുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു.