ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി ക്യാമ്പുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ വിവരം സ്ഥിരീകരിച്ചു.
”നിർഭാഗ്യവശാൽ, ആക്‌സറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം ഐസൊലേഷനിലാണ്, എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ട്, ” അധികൃതര്‍ പറഞ്ഞു.
കൊല്‍ക്കത്തയുടെ നിതീഷ് റാണയ്ക്ക് പിന്നാലെയാണ് അക്‌സറിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴായ്ച നിതീഷ് കൊവിഡ് മുക്തനായിരുന്നു. ഏപ്രില്‍ 10ന് ചെന്നെെ സൂപ്പര്‍ കിങ്സിനെതിരെ വാംഖഡെയിലാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
ബിസിസിഐ നടപടിക്രമം അനുസരിച്ച് കൊവിഡ് സ്ഥിരീകരിക്കുന്നയാള്‍ ബയോ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്ന തിയതി മുതല്‍ അല്ലെങ്കില്‍ സാമ്പിള്‍ എടുക്കുന്ന തിയതി മുതല്‍ 10 ദിവസത്തേക്കാണ് ഐസൊലേഷനില്‍ കഴിയേണ്ടത്. ഈ സമയത്ത് വ്യായാമങ്ങളും മറ്റും ഒഴിവാക്കി പൂര്‍ണമായി വിശ്രമിക്കുകയും വേണം.