മുംബൈ : ഐപിഎല്ലിലെ മെഗാ താരലേലം 2022 ഫെബ്രുവരി ഏഴ്, എട്ട് തിയ്യതികളില്‍ ബെംഗളൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. മെഗാ താരലേലം യുഎഇയിൽ വെച്ച് നടത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇന്ത്യയില്‍ തന്നെ നടത്താനാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനം.
അതേസമയം ഐപിഎല്ലിലെ അവസാനത്തെ താരലേലമാകും ഇത്തവണ നടക്കുകയെന്നും സൂചനയുണ്ട്. വളരെ കുറച്ച് താരങ്ങളെ മാത്രം നിലനിർത്തി മൂന്ന് വർഷം കൂടുമ്പോൾ നടത്തുന്ന താരലേലത്തിനെതിരെ പല ടീമുകളും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അതിനാൽ ഇനിമുതൽ മെഗാ താരലേലം ഉപേക്ഷിക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണെന്നും വിവരമുണ്ട്.
തങ്ങൾ വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുക്കുന്ന ടീമിന്‍റെ ഘടനതന്നെ തകർക്കുന്നതാണ് ഓരോ താര ലേലവും എന്നാണ് മിക്ക ടീമുകളുടേയും പരാതി. തങ്ങളുടെ പല പ്രധാന താരങ്ങളെയും വിട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണെന്നും ഫ്രാഞ്ചൈസികൾ വ്യക്‌തമാക്കിയിരുന്നു.
ALSO READ: കപിലിനെ മറികടക്കാൻ വേണ്ടത് എട്ട് വിക്കറ്റുകൾ ; അശ്വിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
അതേസമയം പുതുതായി രണ്ട് ടീമുകളെക്കൂടി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തവണ താര ലേലം നടത്താൻ ബിസിസിഐ തീരുമാനിച്ചത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ ലക്നൗ ആസ്ഥാനമായുള്ള ടീമും, സിവിസി ഗ്രൂപ്പിന് കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ കളിക്കുന്നത്.