ന്യൂഡൽഹി: ഐപിഎല്ലിന്‍റെ വരവ് ഇന്ത്യൻ ക്രിക്കറ്റിന് പലരൂപത്തില്‍ ഗുണങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന നിരവധി താരങ്ങൾ ദേശീയ അന്തർദേശീയ താരങ്ങളായി. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന യുവതാരങ്ങൾ കോടിപതികളായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രവേശനം പോലും ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായി.
അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിനെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പറിച്ച് നട്ട ഐപിഎല്‍ ഇന്ത്യൻ ടീമിന് സമ്മാനിച്ച ഒരു പിടി താരങ്ങളെ കുറിച്ചാണ് പറയുന്നത്. വരാൻ പോകുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കം കൂടിയാണ് ഈ ഐപിഎല്‍ ടൂർണമെന്‍റ്. മികച്ച ഫിനിഷർമാരുടെ അഭാവം പലപ്പോഴും ഇന്ത്യയ്ക്ക് വിജയം കയ്യെത്തും ദൂരത്ത് നഷ്‌ടമാകുന്നതിന് ക്രിക്കറ്റ് ആരാധകർ സാക്ഷിയായിട്ടുണ്ട്.
എംഎസ് ധോണിക്ക് ശേഷം ഇന്ത്യൻ ടീമിന്‍റെ ഫിനിഷർ റോളിലേക്ക് ഒരു താരത്തെ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഇത്തവണത്തെ ഐപിഎല്ലിൽ ഫിനിഷർ റോളിൽ തിളങ്ങുന്ന ചില ഇന്ത്യൻ താരങ്ങൾ വരാനിരിക്കുന്ന ലോകകപ്പ് ടി20യിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഫിനിഷർ റോളിലേക്ക് ദിനേശ് കാർത്തിക്കിനേയും, രാഹുൽ തെവാട്ടിയയേയും പരീക്ഷിക്കണമെന്നാണ് ഇന്ത്യൻ മുൻ ചീഫ് സെലക്‌ടർ എംഎസ്കെ പ്രസാദിന്‍റെ അഭിപ്രായം. ഫിനിഷറുടെ റോളിൽ ഇന്ത്യക്ക് ഹാർദിക്, ജഡേജ, കാർത്തിക്, തെവാട്ടിയ എന്നിവരെ പരിഗണിക്കാവുന്നതാണ്.
ഈ ഐപിഎല്ലിൽ കാർത്തിക്കും, തെവാട്ടിയയും തിളങ്ങി. ഹാർദിക് മികച്ച തിരിച്ചു വരവ് നടത്തി. ലോകകപ്പിന് ഇനിയും സമയമുണ്ട്. അതിനാൽ തന്നെ ഫിനിഷർ റോളിൽ ഒരു താരത്തെ കണ്ടെത്താൻ ഇനിയും ഇന്ത്യക്കാകും. കൂടാതെ ഹാർദിക് ഓൾറൗണ്ട് മികവ് പുറത്തെടുത്താൽ ടീം കൂടുതൽ ശക്‌തമാകും. പ്രസാദ് പറഞ്ഞു.
ഷമിയും ബുറയും ഇന്ത്യയുടെ മുൻനിര പേസർമാരാണ്. പക്ഷേ സ്ഥിരതയോടെ 150 കിലേമിറ്റർ വേഗതയിൽ പന്തെറിയാൻ കഴിയുന്ന ഒരു താരത്തെ ഇന്ത്യക്ക് ആവശ്യമുണ്ട്. ആ റോളിലേക്ക് പരിഗണിക്കാൻ ഉമ്രാൻ മാലിക്കുണ്ട്. കുൽദീപും, ചഹലും മികച്ച ഫോം കാഴ്‌ച വെയ്‌ക്കുന്നതും ഇന്ത്യക്ക് ഗുണകരമാണ്, പ്രസാദ് കൂട്ടിച്ചേർത്തു.
സീനിയർ താരം ദിനേശ് കാർത്തിക്, രാഹുൽ തെവാട്ടിയ, ഹാർദിക് പാണ്ഡ്യ എന്നീ താരങ്ങൾ നിലവിൽ ഐപിഎല്ലിൽ ഫിനിഷർ റോളിൽ തിളങ്ങുന്നുണ്ട്. ഓസീസിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇനിയും നാല് മാസത്തിലധികം സമയമുണ്ട്. എന്നാൽ ഇതിന് മുന്നോടിയായി ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മധ്യനിരയിൽ ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ എന്നീ താരങ്ങളെ ബിസിസിഐ പരീക്ഷിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച പ്രകടനം ഇരുവരിൽ നിന്നുമുണ്ടായില്ല. ഇത്തവണ ഫിറ്റ്നസ് പ്രശ്‌നങ്ങളെ മറികടന്ന് പാണ്ഡ്യ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.