ന്യൂഡൽഹി: 2023 സീസണിലെ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം ഡിസംബർ 23ന് കൊച്ചിയിൽ വച്ച് നടക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചതായി ബിസിസിഐയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇതാദ്യമായാണ് ഐപിഎൽ ലേലം കേരളത്തിലേക്കെത്തുന്നത്.
നേരത്തെ ലേലം തുർക്കി നഗരമായ ഇസ്‌താംബൂളിൽ വച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ലേലം നടത്തുന്നതിനായി പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ കൊച്ചിയിൽ ലേലം നടത്താൻ തീരുമാനിക്കുകയായിരുന്നു.
സാഹചര്യവും തീയതിയും പരിഗണിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ സ്ഥലം കൊച്ചിയാണെന്നും അതിനാലാണ് ലേലത്തിനായി കൊച്ചിയെ പരിഗണിച്ചതെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. അതേസമയം കഴിഞ്ഞ തവണ മെഗാലേലം നടന്നതിനാൽ ഇത്തവണ മിനി ലേലമാകും നടക്കുക.
ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ കൂടി ഉയർത്തി 95 കോടി രൂപയാക്കിയിട്ടുണ്ട്. ലേലത്തിന് മുൻപ് കൈവിടുന്ന താരങ്ങളുടെ പട്ടിക ഈ മാസം 15ന് മുൻപ് സമർപ്പിക്കണമെന്ന് 10 ഫ്രാഞ്ചൈസികൾക്കും ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ടീമുകൾ കൈവിടുന്ന താരങ്ങളാണ് മിനി ലേലത്തിലേക്കെത്തുക.