ഹൈദരാബാദ്: 16 സീസണ്‍ കളിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ഐപിഎല്‍ (IPL) കിരീടം ഇന്നും കിട്ടാക്കനിയാണ്. 2009, 2011, 2016 വര്‍ഷങ്ങളില്‍ ടീം ഐപിഎല്‍ ഫൈനലില്‍ എത്തിയെങ്കിലും തോല്‍വിയോടെ മടങ്ങാനായിരുന്നു വിധി. പേപ്പറില്‍ കരുത്തരായിരുന്നിട്ടും കളിക്കളത്തില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നതായിരുന്നു പലപ്പോഴും ആര്‍സിബിയ്‌ക്ക് (RCB) തിരിച്ചടിയായി മാറുന്നത്.
2022-വരെയുള്ള തുടര്‍ച്ചയായ മൂന്ന് സീസണുകളിലും പ്ലേ ഓഫില്‍ ഇടം കണ്ടെത്തിയ ആര്‍സിബി കഴിഞ്ഞ തവണ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരായിട്ടായിരുന്നു മടങ്ങിയത്. നേരിട്ട തിരിച്ചടികളില്‍ നിന്നെല്ലാം കരകയറുക എന്ന ലക്ഷ്യത്തോടെയാകും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പുതിയ പരിശീലകനായി ആന്‍ഡി ഫ്ലവറും ടീം ഡയറക്‌ടറായി മോ ബോബറ്റും ചുമതലയേറ്റെടുത്ത സാഹചര്യത്തില്‍ പുത്തന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കുമുള്ളത്.
അടുത്തിടെ അവസാനിച്ച പ്ലെയര്‍ ട്രേഡിങ് വിന്‍ഡോയില്‍ സജീവ ഇടപെടല്‍ നടത്തിയ ടീമുകളില്‍ ഒന്നാണ് ആര്‍സിബി. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കിയതിലൂടെ ടീമിന്‍റെ പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങളില്‍ ഒന്ന് ശക്തിപ്പെടുത്താന്‍ അവര്‍ക്കായി. എങ്കിലും ചില വിടവുകള്‍ ഇപ്പോഴും ആര്‍സിബി സ്ക്വാഡിലുണ്ട്, താരലേലത്തിലൂടെ അതിനെല്ലാം പരിഹാരം കണ്ടെത്താനാകും ടീം ശ്രമിക്കുന്നത്.
പന്തെറിയാനും ആള് വേണം...(RCB IPL Auction Strategy): ശക്തമായ ബാറ്റിങ് നിരയുണ്ടെങ്കിലും മികച്ച ബൗളര്‍മാരുടെ അഭാവമാണ് പല മുന്‍ സീസണുകളിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടികള്‍ സമ്മാനിച്ചിട്ടുള്ളത്. ബാറ്റര്‍മാരുടെ പറുദീസയായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അവിടെ കൃത്യതയോടെ പന്തെറിയുന്ന ബൗളര്‍മാരെയാണ് ആര്‍സിബിയ്‌ക്ക് ആവശ്യം. ജോഷ് ഹെയ്‌സല്‍വുഡ്, വെയ്‌ന്‍ പാര്‍നെല്‍, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയെല്ലാം റിലീസ് ചെയ്‌ത സാഹചര്യത്തില്‍ ഒരു പ്രീമിയം പേസറെ നോട്ടമിട്ടായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരലേലത്തിന് എത്തുന്നത്.
നിലവില്‍ 23.25 കോടിയാണ് ആര്‍സിബിയുടെ പക്കലുള്ളത് (RCB Remaining Purse). നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള മുഹമ്മദ് സിറാജ്, റീസ് ടോപ്ലി എന്നിവര്‍ മാത്രമാണ് ബാംഗ്ലൂര്‍ സ്ക്വാഡിലുള്ളത്. ബൗളിങ് യൂണിറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ആര്‍സിബി നോട്ടമിട്ടേക്കാം.
![RCB IPL Auction Strategy IPL 2024 Auction RCB Target Players IPL 2024 RCB IPL Auction Strategy Royal Challengers Bangalore Auction Plan RCB Remaining Purse Balance IPL Auction റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ താരലേലം ആര്‍സിബി ആര്‍സിബി താരലേലത്തില്‍ നോട്ടമിടുന്ന താരങ്ങള്‍ ആര്‍സിബി ഐപിഎല്‍ താരലേലം പദ്ധതി](https://etvbharatimages.akamaized.net/etvbharat/prod-images/16-12-2023/20281268_starc.png)
2014, 2015 സീസണുകളില്‍ ആര്‍സിബിയ്‌ക്കൊപ്പം ഐപിഎല്‍ കളിച്ച താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സ്, ജെറാള്‍ഡ് കോറ്റ്‌സീ, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ വമ്പന്‍ മീനുകള്‍ക്കായും ആര്‍സിബി വലവിരിക്കാന്‍ സാധ്യതയുണ്ട്.
ഹസരങ്കയെ റിലീസ് ചെയ്‌ത സാഹചര്യത്തില്‍ ഒരു ക്വാളിറ്റി സ്‌പിന്നറിന് വേണ്ടിയും ആര്‍സിബി രംഗത്തെത്തിയേക്കാം. ശ്രേയസ് ഗോപാലിനെ സ്വന്തമാക്കാന്‍ ആയിരിക്കും ടീം ശ്രമിക്കുന്നത്. കൂടാതെ, ഇന്ത്യന്‍ പേസറായി സീനിയര്‍ താരം ഉമേഷ് യാദവിനെ ടീം തിരികെ എത്തിക്കാനും സാധ്യതയുണ്ട്.
![RCB IPL Auction Strategy IPL 2024 Auction RCB Target Players IPL 2024 RCB IPL Auction Strategy Royal Challengers Bangalore Auction Plan RCB Remaining Purse Balance IPL Auction റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ താരലേലം ആര്‍സിബി ആര്‍സിബി താരലേലത്തില്‍ നോട്ടമിടുന്ന താരങ്ങള്‍ ആര്‍സിബി ഐപിഎല്‍ താരലേലം പദ്ധതി](https://etvbharatimages.akamaized.net/etvbharat/prod-images/16-12-2023/20281268_shreyas-gopal.png)
ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തില്‍ ആറ് സ്ലോട്ടുകളിലേക്കാണ് ബാംഗ്ലൂരിന് താരങ്ങളെ കണ്ടെത്തേണ്ടത്. അതില്‍ മൂന്ന് പേര്‍ വിദേശികളായിരിക്കണം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവിലെ സ്ക്വാഡ്: ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, രജത് പടിദാര്‍, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായി, വില്‍ ജാക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, മായങ്ക് ദാഗര്‍, മനോജ് ഭാണ്ഡേജ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ആകാശ് ദീപ്, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, വൈശാഖ് വിജയ് കുമാര്‍.
Also Read : ഡബിള്‍ അല്ല, ട്രിപ്പിള്‍ സ്ട്രോങ്ങ് ആകണം...! ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നത് ഇവരെ