മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 (Indian Premier League) സീസണിനായി തങ്ങളുടെ ടീമിനെ ഉടച്ച് വാര്‍ക്കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍. പുതിയ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌ത കളിക്കാരുടെ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണിലേക്കായി പൊന്നും വില നല്‍കി വാങ്ങിയ പലതാരങ്ങളേയും പുതിയ സീസണിലേക്ക് നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിട്ടില്ല. ഇക്കൂട്ടത്തില്‍ ട്രേഡ് ചെയ്യാതെ ഒഴിവാക്കിയ വമ്പന്മാരില്‍ ചിലരെ അറിയാം (Most Expensive players released for IPL 2024)...
വമ്പന്‍ വില നല്‍കി വാങ്ങിയ ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഹ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ടു. 10.75 കോടി രൂപ വീതമായിരുന്നു ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനും ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗയ്‌ക്കും ബാംഗ്ലൂര്‍ മുടക്കിയത്. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ മാത്രം നേടിയ ഹര്‍ഷലിന്‍റെ എക്കോണമി 9.66 ആയിരുന്നു.
എട്ട് മത്സരങ്ങളില്‍ നിന്നും 33 റണ്‍സും ഒമ്പത് വിക്കറ്റുകളുമായിരുന്നു ഹസരംഗ നേടിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം പുറത്തിരിക്കേണ്ടി വന്ന താരം കൂടിയാണ് ഹസരംഗ. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് 7.75 കോടി രൂപായായിരുന്നു ടീം നല്‍കിയത്.
പരിക്കിനെ തുടര്‍ന്ന് ഏറിയ മത്സരങ്ങളിലും താരം പുറത്തിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളായിരുന്നു സമ്പാദ്യം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരങ്ങളില്‍ പ്രധാനിയാണ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. പരിക്കില്‍ വലഞ്ഞ് നില്‍ക്കെ 2022-ല്‍ ആര്‍ച്ചറെ മുംബൈ കൂടിക്കൂട്ടിയത് ഏവരേയും ആശ്ചര്യപ്പെടുത്തിയിരുന്നു. സീസണില്‍ ഒരെറ്റ മത്സരം പോലും കളിക്കാന്‍ കഴിയാതിരുന്ന താരത്തിനായി കഴിഞ്ഞ സീസണില്‍ എട്ട് കോടി രൂപയാണ് ടീം മുടക്കിയത്. പരിക്ക് പിടിവിടാതെ പിടിച്ചിരുന്ന താരത്തിന് വെറും അഞ്ച് മത്സരങ്ങളാണ് കളിക്കാന്‍ കഴിഞ്ഞത്.
രണ്ട് വിക്കറ്റ് മാത്രം നേടാന്‍ കഴിഞ്ഞ ആര്‍ച്ചറുടെ ഇക്കോണമി 9.50 ആയിരുന്നു. ഡല്‍ഹി ക്യാപ്റ്റല്‍സ് ഒഴിവാക്കിയവരുടെ പട്ടികയില്‍ മൂന്ന് വമ്പന്മാരാണുള്ളത്. 6.5 കോടി നല്‍കിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ജെ, 4.6 കോടി മുടക്കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റിലീ റൂസ്സോവ്, 2.40 കോടി മുടക്കിയ മനീഷ് പാണ്ഡെ എന്നിവരാണത്.
ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയ താരങ്ങളുടെ പട്ടികയില്‍ വമ്പന്മാരിലൊരാള്‍. ഗുജറാത്തില്‍ നിന്നും ട്രേഡിലുടെ കഴിഞ്ഞ സീസണിനായി 10.75 കോടി രൂപ നല്‍കിയായിരുന്നു ലോക്കി ഫെര്‍ഗൂസനെ കൊല്‍ക്കത്ത കൂടാരത്തിലെത്തിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. ഒരു വിക്കറ്റ് മാത്രം നേടിയ താരത്തിന്‍റെ ഇക്കോണമിയാവട്ടെ 12.52 ആയിരുന്നു.
കിവീസിന്‍റെ തന്നെ പേസര്‍ ടിം സൗത്തിയ്‌ക്കായി 1.50 കോടി കൊല്‍ക്കത്ത മുടക്കിയിരുന്നു. കഴിഞ്ഞ സീസണിലെ തന്നെ മൂല്യമേറിയ താരങ്ങളിലൊരാളായ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ (Harry Brook) സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒഴിവാക്കി. 13.25 കോടി രൂപയായിരുന്നു കഴിഞ്ഞ ലേലത്തില്‍ ബ്രൂക്കിനായി ഹൈദരാബാദ് എറിഞ്ഞത് (Harry Brook price in IPL 2023).
എന്നാല്‍ 11 മത്സരങ്ങളില്‍ നിന്നും 190 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതിലൊരു സെഞ്ചുറി പ്രകടനമുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. രണ്ട് കോടിയ്‌ക്ക് എടുത്ത ആദില്‍ റഷീദിനേയും ടീം കൈവിട്ടു. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ജേസണ്‍ ഹോള്‍ഡറും ഇക്കൂട്ടത്തിലുണ്ട്. 5.75 കോടി രൂപ മുടക്കിയ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ക്ക് കഴിഞ്ഞ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ: പവര്‍പ്ലേയിലെ 'പവര്‍ ഹിറ്റ്' ; തകര്‍പ്പന്‍ റെക്കോഡുമായി യശസ്വി ജയ്‌സ്വാള്‍