ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച രണ്ട് സീസണിലും പ്ലേ ഓഫിലെത്തിയ ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് (Lucknow Super Giants). പുതിയ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിന് കീഴില്‍ വരാനിരിക്കുന്ന ഐപിഎല്‍ (IPL 2024) സീസണിലും ശ്രദ്ധേയമായ പ്രകടനം ലഖ്‌നൗവിന് നടത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകരും ഉള്ളത്. കെഎല്‍ രാഹുല്‍ നായകനായ, ഏറെ സന്തുലിതമായ ഒരു നിര അവര്‍ക്ക് ഉണ്ട് എന്നത് തന്നെയാണ് ആരാധകര്‍ ഇങ്ങനെ ചിന്തിക്കാനുള്ള പ്രധാന കാരണവും.
കഴിഞ്ഞ രണ്ട് സീസണിലും മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ ഉപദേശങ്ങളായിരുന്നു ലഖ്‌നൗവിനെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ചത്. എന്നാല്‍, വരുന്ന സീസണില്‍ ഗംഭീറിന്‍റെ സേവനം ലഭ്യമാകില്ല എന്നത് സൂപ്പര്‍ ജയന്‍റ്‌സിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തില്‍ ലഖ്‌നൗ പയറ്റാന്‍ പോകുന്ന പദ്ധതികള്‍ എന്തായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറില്‍ മികച്ച ബാറ്റര്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു ലഖ്‌നൗവിനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍, രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ദേവ്‌ദത്ത് പടിക്കലിനെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതിലൂടെ ഈ പ്രശ്‌നം കുറച്ചെങ്കിലും പരിഹരിക്കപ്പെടാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്‌മെന്‍റിനുള്ളത്. നിലവില്‍ 13.15 കോടി രൂപ മാത്രം കൈവശമുള്ള ലഖ്‌നൗവിന് താരലേലത്തില്‍ നിന്നും സ്വന്തമാക്കേണ്ടത് രണ്ട് വിദേശികള്‍ ഉള്‍പ്പടെ ആറ് താരങ്ങളെയാണ്.
ടൈറ്റ് ബഡ്‌ജറ്റും ലഖ്‌നൗവും: താരലേലത്തിന് എത്തുന്ന ടീമുകളില്‍ ഏറ്റവും കുറച്ച് പഴ്‌സ് തുക കൈവശമുള്ള ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. കൈവശമുള്ള 13.15 കോടിക്ക് രണ്ട് വിദേശ താരങ്ങളെ ഉള്‍പ്പടെ ആറ് കളിക്കാരെ അവര്‍ക്ക് കണ്ടെത്തേണ്ടതുണ്ട്. കൈവശം തുക കുറവായതുകൊണ്ട് തന്നെ വമ്പന്‍ താരങ്ങള്‍ക്ക് പിന്നാലെ ലഖ്‌നൗ പോകാന്‍ സാധ്യതയില്ല.
തങ്ങളുടെ സ്ക്വാഡിനെ ശക്തിപ്പെടുത്താന്‍ പ്രധാനമായും ലഖ്‌നൗവിന് വേണ്ടത് ഇന്ത്യന്‍ പേസര്‍മാരുടെ സേവനമാണ്. ആവേശ് ഖാനെ രാജസ്ഥാന്‍ റോയല്‍സിലേക്ക് ട്രേഡ് ചെയ്‌തതിലൂടെയാണ് ഈയൊരു പ്രതിസന്ധിയെ ലഖ്‌നൗവിന് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കയ്യിലുള്ള കാശ് വച്ച് യാഷ് ദയാല്‍, കുല്‍വന്ത് കെജ്‌രോളിയ എന്നിവരെയാകും എല്‍എസ്‌ജി നോട്ടമിടുന്നത്.
ഫിനിഷര്‍ റോളിലേക്കും അവര്‍ക്ക് ഒരു വെടിക്കെട്ട് ബാറ്ററെ ആവശ്യമാണ്. ഒരുപക്ഷെ പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്‌ത ഷാരൂഖ് ഖാനെ സ്വന്തമാക്കാന്‍ ലഖ്‌നൗ ശ്രമിച്ചേക്കാം. സ്‌പിന്നര്‍ രവി ബിഷ്‌ണോയിക്ക് കൂട്ടായി അഫ്‌ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാനെയും ലഖ്നൗ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍: കെഎല്‍ രാഹുല്‍, ദേവ്‌ദത്ത് പടിക്കല്‍ (ട്രേഡ്), ക്വിന്‍റണ്‍ ഡി കോക്ക്, നിക്കോളസ് പുരാന്‍, ആയുഷ് ബദോനി, ദീപക് ഹൂഡ, കൃഷ്‌ണപ്പ ഗൗതം, കൃണാല്‍ പാണ്ഡ്യ, കൈല്‍ മയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിനിസ്, പ്രേരക് മങ്കാഡ്, യുദ്‌വീര്‍ സിങ്, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, അമിത് മിശ്ര, നവീന്‍ ഉല്‍ ഹഖ്.