ദുബായ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം മിച്ചല്‍ സ്റ്റാർക്ക്. ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോഡ് തുക സ്വന്തമാക്കി സ്റ്റാർക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിച്ചല്‍ സ്റ്റാർക്കിനെ സ്വന്തമാക്കിയത് 24.75 കോടിക്ക്. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. ഇന്ന് നടന്ന മിനി താരലേലത്തില്‍ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കാൻ സൺറൈസേഴ്‌സ് മുടക്കിയ 20.5 കോടി രൂപയാണ് സ്റ്റാർക്ക് മറികടന്നത്. മറ്റൊരു ഓസീസ് താരമായ ട്രവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി.
ലേലത്തിലെ ആദ്യ പേരുകാരനായ റോവ്‌മാന്‍ പവലിനെ 7.4 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിന്‍ഡീസ് താരത്തിനായി കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സില്‍ നിന്നും കനത്ത വെല്ലുവിളിയാണ് രാജസ്ഥാന്‍ റോയല്‍സിന് നേരിടേണ്ടി വന്നത്. (Rovman Powell Sold To Rajasthan Royals). അതേസമയം ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തില്‍ എത്തിച്ചു.
അതേസമയം ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ രചിന്‍ രവീന്ദ്രയ്‌ക്കായി (Rachin Ravindra) വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടിയാണ് താരത്തിന് ലഭിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ ഡല്‍ഹി ക്യാപ്റ്റല്‍സും പിന്നീട് പഞ്ചാബ് കിങ്‌സും രചിനായി രംഗത്ത് ഉണ്ടായിരുന്നു. ശ്രീലങ്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടി.
കോടിക്കിലുക്കത്തില്‍ ഹർഷലും ശാർദുലും: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. (IPL 2024 Auction Shardul Thakur Sold To Chennai Super Kings). രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശാര്‍ദുലിനായി നാല് കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിനായി ആയിരുന്നു ശാര്‍ദുല്‍ കളിച്ചത്. സീസണിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും 10.5 കോടി രൂപയ്‌ക്ക് ട്രേഡിലൂടെയായിരുന്നു ശാര്‍ദുലിനെ കൊല്‍ക്കത്ത നേടിയിരുന്നത്. എന്നാല്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയാതിരുന്ന താരത്തെ പുതിയ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത ഒഴിവാക്കുകയായിരുന്നു.
അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ട ഹര്‍ഷല്‍ പട്ടേലിനെ പൊന്നും വിലയെറിഞ്ഞ് പഞ്ചാബ് കിങ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചു. (IPL 2024 Auction Harshal Patel Sold To Punjab Kings). രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഹര്‍ഷലിനായി ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സും തമ്മിലായിരുന്നു തുടക്കത്തില്‍ മത്സരം. എന്നാല്‍ തുക 11 കോടിയില്‍ എത്തിയതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വന്നെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന പഞ്ചാബ് 11.75 കോടിയ്‌ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഈ ലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണിത്. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരത്തിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സ് സ്വന്തമാക്കി. സ്‌പിന്നര്‍ ചേതന്‍ സക്കറിയയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിനും കൊല്‍ക്കത്ത ടീം തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിട്ടുണ്ട്.