അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിന് ഇന്ന് തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടല്‍. രാത്രി 7:30 മുതല്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിനിറങ്ങുന്ന ചെന്നൈക്ക് നായകന്‍ എംഎസ് ധോണിയുടെ പരിക്കാണ് ഏറ്റവും വലിയ ആശങ്ക. ധോണിക്ക് ആദ്യ മത്സരം നഷ്‌ടമാകുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ മത്സരങ്ങളില്‍ ബെന്‍ സ്റ്റോക്‌സ് ബോള്‍ ചെയ്‌തേക്കില്ല എന്നുള്ളതും ചെന്നൈക്ക് വെല്ലുവിളിയാകാന്‍ ആണ് സാധ്യത.
റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോണ്‍ കോണ്‍വെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായ്‌ഡു എന്നിവരാണ് ബാറ്റിങ്ങിലെ പ്രധാനികള്‍. മൊയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്ത് പകരുന്നതാണ്. ദീപക് ചഹാര്‍ നയിക്കുന്ന ബോളിങ് നിരയില്‍ മറ്റ് വമ്പന്‍ പേരുകളൊന്നുമില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുകേഷ് ചൗധരിയുടെ അഭാവവും ഇക്കുറി ചെന്നൈക്ക് തിരിച്ചടിയാണ്.
More Read: IPL 2023 : കരുത്തരുടെ നിര, നയിക്കാൻ ധോണിയും ; അഞ്ചാം കിരീടം ഉറപ്പിക്കാൻ തലയും പിള്ളേരും
മറുവശത്ത് ശക്തമായ ഇലവനെ കളത്തിലിറക്കാനായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശ്രമം. ഒത്തിണക്കത്തോടെ കളിക്കുന്നതാണ് ടീമിന്‍റെ ശക്തി. ഒപ്പം പരിശീലകന്‍ ആശിഷ് നെഹ്‌റ മെനയുന്ന തന്ത്രങ്ങളും ടീമിനെ കരുത്തുറ്റതാക്കുന്നു.
ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, കെയ്‌ന്‍ വില്യംസണ്‍ തുടങ്ങിയ താരനിര ചെന്നൈ ബോളര്‍മാര്‍ക്ക് തലവേദനയുണ്ടാക്കാന്‍ കഴിയുന്നവരാണ്. അവര്‍ക്കൊപ്പം ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ തുടങ്ങിയവരുടെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്ത് പകരും. മുഹമ്മദ് ഷമിക്കായിരിക്കും ബോളിങ് ചുമതല. ജോഷുവ ലിറ്റില്‍, ശിവം മാവി തുടങ്ങിയ യുവതാരങ്ങളും ഷമിക്കൊപ്പം അണി നിരക്കും.
Also Read: IPL 2023: തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം; ഹാര്‍ദിക്കിന് കീഴില്‍ മുന്നേറാന്‍ ഗുജറാത്ത് ടെറ്റന്‍സ്
കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു ജയം.
തത്സമയം കാണാം: ഐപിഎല്‍ പതിനാറാം പതിപ്പിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെയാണ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നത്. ഇത്തവണ ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ ഓണ്‍ലൈന്‍ സ്ട്രീം ചെയ്യാം.
ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്‌വാൻ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, ആർ സായ് കിഷോർ, നൂർ അഹമ്മദ്, കെയ്ൻ വില്യംസൺ, ഒഡെയ്‌ൻ സ്മിത്ത്, കെഎസ് ഭാരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷുവ ലിറ്റിൽ, മോഹിത് ശർമ്മ
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്: എം എസ് ധോണി (ക്യാപ്‌റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, ബെൻ സ്റ്റോക്‌സ്, സുബ്രംശു സേനാപതി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗേക്കർ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്‍റ്നർ, മഹേഷ് തീക്ഷണ, പ്രശാന്ത് സോളങ്കി, ദീപക് ചഹാർ, മുകേഷ് ചൗധരി, സിമർജീത് സിങ്, തുഷാർ ദേശ്‌പാണ്ഡെ, മതീശ പതിരണ, ഷെയ്‌ക് റഷീദ്, സിസന്ദ മഗല, നിഷാന്ത് സിന്ധു, അജയ് മണ്ഡല്‍, ഭഗത് വർമ