മുംബൈ : ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മികച്ച വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി. ടീം നേരത്തെ ജയിച്ച് തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ധോണി പറഞ്ഞു. ഡല്‍ഹിക്കെതിരെ പെര്‍ഫക്‌ട് ഗെയിമായിരുന്നുവെന്നും ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയെന്നും ധോണി വ്യക്തമാക്കി.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 91റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ നേടിയത്.
എന്നാല്‍ ടോസ് നേടിയാല്‍ ഫീല്‍ഡ് ചെയ്യാനായിരുന്നു തീരുമാനമെന്നും ധോണി പറഞ്ഞു. 'ആദ്യം ടോസ് നേടി ഫീൽഡ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇത് നിങ്ങൾ ടോസ് തോൽക്കേണ്ട ഒരു ഗെയിമായിരുന്നു' - ധോണി പറഞ്ഞു.
മൂന്ന് വിക്കറ്റ് നേടിയ മൊയിന്‍ അലിയാണ് ഡല്‍ഹിയെ തകര്‍ത്തത്. 20 പന്തില്‍ 25 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മാര്‍ഷിന് പുറമെ ഡേവിഡ് വാര്‍ണര്‍ ( 12 പന്തില്‍ 19), ക്യാപ്റ്റന്‍ റിഷഭ് പന്ത് (11 പന്തില്‍ 21), ശാര്‍ദുല്‍ താക്കൂര്‍ (19 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.
നേരത്ത ഋതുരാജ് ഗെയ്‌ക്‌വാദ് - ഡിവോൻ കോണ്‍വേ സഖ്യത്തിന്‍റെ തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടാണ് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 110 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഋതുരാജ് 33 പന്തില്‍ 41 റണ്‍സും, കോണ്‍വേ 49 പന്തിൽ 87 റണ്‍സുമെടുത്തു. 19 പന്തില്‍ 32 റണ്‍സെടുത്ത ശിവം ദുബെയും തിളങ്ങി.
also read: IPL 2022 | പച്ച ജഴ്‌സിയിലെ വിജയം ബാംഗ്ലൂരിനെ തുണയ്‌ക്കുമോ ; ചരിത്രത്തില്‍ പ്രതീക്ഷവച്ച് ആരാധകര്‍
നേരത്തെ തന്നെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. എന്നാല്‍ വിജയത്തോടെ 11 കളികളില്‍ നിന്ന് എട്ട് പോയിന്‍റുമായി ചെന്നൈ, കൊല്‍ക്കത്തയെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി.