മുംബൈ: കളിക്കളത്തിൽ ധോണിയുടെ തലച്ചോർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് താൻ അടുത്ത് നിന്ന് മനസിലാക്കിയിട്ടുണ്ടെന്നും അത് ഈ സീസണിൽ ഏറെ ഗുണം ചെയ്യുമെന്നും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ നായകൻ ഫാഫ് ഡു പ്ലസിസ്. ഐപിഎൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഡുപ്ലസിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'എംഎസ് ധോണിക്ക് കീഴിൽ വളരെക്കാലം കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. കളിക്കളത്തിൽ ധോണിയുടെ ബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്ക് വളരെയടുത്ത് നിന്ന് കണ്ട് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ധോണി മത്സരത്തെ എങ്ങനെ തന്‍റെ വരുതിയിലാക്കുന്നു എന്ന് മനസിലാക്കാനും എനിക്ക് സാധിച്ചു. ഇത് നായകനെന്ന നിലയിൽ എനിക്ക് ഏറെ ഗുണം ചെയ്യും,' ഡുപ്ലസിസ് പറഞ്ഞു.
'വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക് എന്നിവരടങ്ങിയ നിര തനിക്ക് ഏറെ ഗുണകരമാകും. മറ്റ് താരങ്ങളെ ഏറെ ആശ്രയിക്കുന്ന ഒരു നായകനാണ് ഞാൻ. കോലി ഏറെക്കാലം രാജ്യത്തിന് വേണ്ടിയും ആർസിബിക്ക് വേണ്ടിയും നായക സ്ഥാനം വഹിച്ചിട്ടുണ്ട്. കോലിയുടെ അനുഭവ സമ്പത്തും, ബാറ്റിങ് മികവും ടീമിന് ഏറെ ഗുണകരമായിരിക്കും.' ഡുപ്ലസിസ് വ്യക്‌തമാക്കി.
ALSO READ: IPL 2022: ഐപിഎല്‍ പൂരത്തിന് കൊടിയേറ്റം; ഇനി കുട്ടിക്രിക്കറ്റിലെ താരപ്പോരിന്‍റെ ദിനരാത്രങ്ങൾ
'ഗ്ലെൻ മാക്‌സ്‌വെല്ലും ടി20 ക്രിക്കറ്റുകളിൽ ധാരാളം മത്സരങ്ങൾ നയിച്ചിട്ടുണ്ട്. അതിനാൽ മാക്‌സിയുടെ ആശയങ്ങളും വളരെ വിലപ്പെട്ടതാണ്. ദിനേഷ് കാർത്തിക്കിന്‍റെ കാര്യവും അതുപോലെത്തന്നെയാണ്. അതിനാൽ ടീമിൽ തന്നെ നേതൃത്വ പാടവമുള്ള ഒരുപിടി താരങ്ങളെ ലഭിച്ചതിനാണ് ഞാൻ ഏറെ ഭാഗ്യവാനാണ്.' ഡുപ്ലസിസ് കൂട്ടിച്ചേർത്തു. ഞായറാഴ്‌ച പഞ്ചാബ് കിങ്സിനെതിരെയാണ് ബംഗളൂരുവിന്‍റെ ആദ്യ മത്സരം.