മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാൻ മാലിക്. ഐപിഎല്ലിന്‍റെ ഒരു സീസണില്‍ 20 വിക്കറ്റ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോഡാണ് ഉമ്രാന്‍ സ്വന്തം പേരിലാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഉമ്രാന്‍റെ നേട്ടം.
മത്സരത്തില്‍ മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്താന്‍ താരത്തിനായിരുന്നു. ഇതോടെ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഉമ്രാനായി. മുംബൈക്കെതിരെയിറങ്ങുമ്പോള്‍ 22 വയസും 176 ദിവസവുമാണ് താരത്തിന്‍റെ പ്രായം.
ഇതോടെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് പഴങ്കഥയായത്. 2017 സീസണില്‍ 23 വയസും 165 ദിവസവും പ്രായമുള്ളപ്പോഴാണ് ബുംറ പ്രസ്‌തുത റെക്കോഡ് സ്ഥാപിച്ചത്. അര്‍പി സിങ് (2009 സീസണ്‍- 23 വയസ് 166 ദിവസം പ്രായം), പ്രഗ്യാന്‍ ഓജ (2010 സീസണ്‍- 23 വയസ് 225 ദിവസം പ്രായം) എന്നിവരാണ് പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്.
also read: IPL 2022: മുംബൈക്ക് 10ാം തോല്‍വി; ഹൈദരാബാദിന്‍റെ വിജയം 3 റണ്‍സിന്
അതേസമയം സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഉമ്രാന്‍. 24 വിക്കറ്റുമായി രാജസ്ഥാന്‍ റോയല്‍സ് താരം യുസ്‌വേന്ദ്ര ചാഹലാണ് പട്ടികയില്‍ തലപ്പത്തുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വാനിന്ദു ഹസരങ്ക 23 വിക്കറ്റുമായി രണ്ടാമതും, 22 വിക്കറ്റുമായി പഞ്ചാബ് കിങ്‌സിന്‍റെ കഗിസോ റബാഡ മൂന്നാമതുമുണ്ട്.