മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ സീസണിലെ അവസാനക്കാരായ ഇരുസംഘവും നിരവധി മാറ്റത്തോടെയാണ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സ്: മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്‌തമായി ബൗളിങ്ങിലും ബാറ്റിങ്ങിലും സന്തുലിതമായ ടീമാണ് രാജസ്ഥാന്‍റേത്. ബാറ്റിങ് യൂണിറ്റില്‍ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ് പുറമെ ജോസ് ബട്‌ലർ, ദേവ്ദത്ത് പടിക്കൽ, യശ്വസി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവര്‍ ടീമിന്‍റെ കരുത്താവും.
ആര്‍ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, കെസി കരിയപ്പ എന്നിവരടങ്ങുന്ന സ്‌പിന്‍ യൂണിറ്റിനൊപ്പം ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവ്‌ദീപ് സൈനി, നഥാൻ കൗൾട്ടർ നീൽ,എന്നിവരും ചേരുമ്പോള്‍ രാജസ്ഥാന് മൂര്‍ച്ചയേറും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കഴിഞ്ഞ സീണിലെ അവസാനക്കാരെന്ന ചീത്തപ്പേര് മാറ്റിയെതാനാവും ഇക്കുറി കെയ്‌ന്‍ വില്യംസണ് കീഴില്‍ ഹൈദരാബാദിന്‍റെ ശ്രമം. വില്യംസണും അബ്‌ദുള്‍ സമദും ഒഴികെയുള്ള ബാറ്റർമാര്‍ക്കെല്ലാം ടീമിനൊപ്പം പുതിയ ഇന്നിങ്സാണ്. ക്യാപ്റ്റന് പുറമെ നിക്കോളാസ് പൂരൻ,എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, എന്നിവരാണ് ബാറ്റിങ് യൂണിന്‍റെ അടിത്തറ.
മാർക്ക് ജാൻസൻ, ഭുവനേശ്വർ കുമാര്‍, നടരാജൻ, ഉമ്രാൻ മല്ലിക്, കാർത്തിക് ത്യാഗി എന്നിവർ പേസ് ആക്രമണത്തിന് നേതൃത്വം നൽകുമ്പോള്‍ ശ്രേയസ് ഗോപാലും വാഷിംഗ്ടൺ സുന്ദർ സ്‌പിന്‍ യൂണിറ്റില്‍ നിര്‍ണായകമാവും.
മുഖാമുഖ ചരിത്രം: ഐപിഎല്ലില്‍ ഇതുവരെ 15 മത്സരങ്ങളിലാണ് ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയത്. 8 മത്സരങ്ങള്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ 7 മത്സരങ്ങളില്‍ ജയം പിടിക്കാന്‍ രാജസ്ഥാനായിട്ടുണ്ട്.
പിച്ച് റിപ്പോര്‍ട്ട്: മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ പിച്ച് തുടക്കത്തിൽ ബാറ്റർമാരെ സഹായിക്കുന്നതാണ്. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോൾ സ്പിന്നർമാര്‍ക്ക് അനുകൂല്യം ലഭിച്ചേക്കാം. ഏകദേശം 80-85 മീറ്ററാണ് ബൗണ്ടറിയിലേക്കുള്ള ദൂരം. ശരാശരി 182 റണ്‍സാണ് ആദ്യ ഇന്നിങ്സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച വിന്നിങ് റെക്കോഡുള്ള പിച്ചുകൂടിയാണിത്.