മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഹൈദരാബാദ് ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സീസണില്‍ മുംബൈയുടെ 10ാം തോല്‍വിയാണിത്. 194 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ മികച്ച തുടക്കം നല്‍കയിരുന്നു. ഒന്നാം വിക്കറ്റില്‍ 95 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്.
36 പന്തില്‍ 48 റണ്‍സെടുത്ത രോഹിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ കിഷനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു. 34 പന്തില്‍ നിന്ന് 43 റണ്‍സെടുത്താണ് കിഷന്‍ മടങ്ങിയത്. ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് (2), , സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി.
ഇതിനിടെ തകര്‍ത്തടിച്ച ടിം ഡേവിഡ് പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. 18 പന്തില്‍ 46 റണ്‍സടിച്ച ഡേവിഡിനെ ടി. നടരാജന്‍ റണ്ണൗട്ടാക്കുകയായിരുന്നു. ആറു പന്തില്‍ 14 റണ്‍സടിച്ച രമണ്‍ദീപ് സിങ് പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്ന് നിന്നു. രമണ്‍ദീപിനൊപ്പം ജസ്‌പ്രീത് ബുംറയും പുറത്താവാതെ നിന്നു.
ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിന് 44 പന്തില്‍ 76 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ പ്രകടനമാണ് തുണയായത്.
കെയ്ന്‍ വില്യംസണ് പകരം ഓപ്പണറായി ഇറങ്ങിയ പ്രിയം ഗാര്‍ഗ് മികച്ച തുടക്കമാണ് നൽകിയത്. ഒമ്പത് റൺസുമായി അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ത്രിപാഠിയെ കൂട്ടുപിടിച്ച ഗാര്‍ഗ് അടിച്ച് തകർത്തു. ഇരുവരും 78 റണ്‍സാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേര്‍ത്തത്.
26 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 42 റൺസാണ് നേടിയത്. പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ 22 പന്തില്‍ 38 റൺസെടുത്ത പുരാനെ റിലെ മെറെഡിത്ത് മടക്കി. തൊട്ടടുത്ത ഓവറില്‍ ത്രിപാഠിയും മടങ്ങി. പിന്നാലെ രണ്ട് റൺസുമായി എയ്‌ഡന്‍ മാര്‍ക്രവും പുറത്തായി.
ഒമ്പത് റൺസെടുത്ത വാഷിംഗ്‌ടണ്‍ സുന്ദർ ബുംറയുടെ അവസാന പന്തിൽ ബൗള്‍ഡായി. എട്ട് റൺസെടുത്ത നായകൻ കെയ്ന്‍ വില്യംസണ്‍ പുറത്താവാതെ നിന്നു. മുംബൈക്കായി രമണ്‍ദീപ് സിങ് മൂന്ന് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
റിലെ മെറെഡിത്തും ജസ്‌പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ നേടി. ജയത്തോടെ ഹൈദരാബാദിന് 13 കളികളില്‍ 12 പോയിന്‍റായി. നിലവിലെ പോയിന്‍റ് പട്ടികയിര്‍ എട്ടാം സ്ഥാനത്താണവരുള്ളത്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്‍റ് മാത്രമുള്ള മുംബൈ അവസാന സ്ഥാനത്താണ്.