മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ സൂപ്പർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. ഈ മത്സരത്തിൽ വമ്പൻ റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചാബ് കിങ്ങ്‌സ് ഓപ്പണർ ശിഖർ ധവാൻ. ആർസിബി മുൻ നായകനും സൂപ്പർ താരവുമായ വിരാട് കോലിയുടെ റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ധവാനുള്ളത്.
ചെന്നൈക്കെതിരെ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ തലപ്പത്തെത്താനുള്ള അവസരമാണ് ധവാന് മുന്നിലുള്ളത്. നിലവിൽ സിഎസ്‌കെയ്‌ക്കെതിരെ 908 റൺസാണ് ധവാൻ നേടിയിട്ടുള്ളത്. 41 റൺസുകൂടി നേടിയാൽ വിരാട് കോലിയെ മറികടക്കാനാകും. ആദ്യ രണ്ട് മത്സരത്തിലും ഫോമിലേക്കെത്താൻ സാധിച്ചിട്ടില്ലാത്ത ധവാന് ഈ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമോയെന്ന് കണ്ടറിയണം.
ALSO READ: IPL 2022 | ആദ്യം ജയം തേടി ചെന്നെെ ഇന്നിറങ്ങും; എതിരാളികൾ പഞ്ചാബ് കിംഗ്‌സ്
കൂടാതെ മറ്റൊരു നേട്ടവും ധവാനെ കാത്തിരിക്കുന്നുണ്ട്. ഏഴ് ബൗണ്ടറി കൂടി നേടിയാൽ ടി-20യിൽ 1000 ബൗണ്ടറി പൂർത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന ഖ്യാതിയും ധവാന് സ്വന്തമാകും. ലോക ക്രിക്കറ്റിൽ ക്രിസ് ഗെയ്ൽ (1132), അലക്‌സ് ഹെയ്ൽസ് (1054), ഡേവിഡ് വാർണർ (1005) എന്നിവരാണ് ധവാന് മുൻപ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കാരിൽ ധവാന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് കോലിയാണ്. 917 ബൗണ്ടറികളാണ് അദ്ദേഹം നേടിയത്. 875 ബൗണ്ടറിയുമായി രോഹിത് ശർമ മൂന്നാം സ്ഥാനത്താണ്.
ഐപിഎല്ലിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനക്കാരനാണ് ധവാൻ. 5843 റൺസാണ് ധവാന്‍റെ പേരിലുള്ളത്. ഈ സീസണോടെ വിരാട് കോലിക്ക് പിന്നാലെ 6000 റൺസ് പൂർത്തിയാക്കാൻ ധവാന് സാധിക്കുമോയെന്നത് കണ്ടറിയാം.