മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 152 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 151 റണ്‍സെടുത്തത്. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് മുംബൈക്ക് കരുത്തായത്. 37 പന്തില്‍ 68 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈയ്‌ക്കായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്ല തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 50ല്‍ നില്‍ക്കെ ഏഴാം ഓവറിന്‍റെ രണ്ടാം പന്തില്‍ സംഘത്തിന് രോഹിത്തിനെ നഷ്‌ടമായി. 15 പന്തില്‍ 22 റണ്‍സെടുത്ത രോഹിത്തിനെ സ്വന്തം പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.
മൂന്നാമനായെത്തിയ ഡെവാള്‍ഡ് ബ്രെവിസിനെ (11 പന്തില്‍ 8) ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കി തിരിച്ചയച്ചു. ഈ സമയം 60 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് കൂട്ടത്തകര്‍ച്ചയ്‌ക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ആകാശ് ദീപിന്‍റെ പന്തില്‍ ഷമി പിടികൂടി ഇഷാന്‍ കിഷന്‍ (28 പന്തില്‍ 26) തിരിച്ച് കയറിയായിരുന്നു തുടക്കം.
തുടര്‍ന്നെത്തിയ തിലക് വര്‍മയെ(0) മാക്‌സ്‌വെല്‍ റണ്ണൗട്ടാക്കുകയും കെയ്റോണ്‍ പൊള്ളാര്‍ഡിനെ ഹസരങ്ക ഗോള്‍ഡന്‍ ഡക്കാക്കുകയും ചെയ്‌തോടെ മുംബൈ 62-5ലേക്ക് വീണു. വെകാതെ രമണ്‍ദീപ് സിങ്ങിനെ (6) ഹര്‍ഷല്‍ മടക്കിയതോടെ സംഘം വീണ്ടും പ്രതിരോധത്തിലായി. ഈ സമയം ആറിന് 79 എന്ന നിലയിലായിരുന്നു മുംബൈ.
ഇവിടെ നിന്ന് ജയദേവ് ഉനദ്ഘട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. 14 പന്തില്‍ 13 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഉനദ്‌ഘട്ട് സൂര്യകുമാറിന് മികച്ച പിന്തുണയേകി.
ബാംഗ്ലൂരിനായി ഹസരങ്കയും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ആകാശ് ദീപ് ഒരു വിക്കറ്റ് സ്വന്തമാക്കി.