മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 190 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തിലാണ് 189 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ ഇന്നിങ്സാണ് ബാംഗ്ലൂരിന് കരുത്തായത്.
34 പന്തില്‍ 5 വീതം സിക്‌സും ഫോറും പറത്തി 66 റണ്‍സുമായി പുറത്താവാതെ നിന്ന ദിനേഷ് കാര്‍ത്തികാണ് ടോപ് സ്‌കോറര്‍. മാക്‌സ്‌വെൽ 34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സെടുത്തു. 21 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷഹബാസ് അഹമ്മദും മിന്നി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ഏഴ് ഓവര്‍ പിന്നിടും മുമ്പ് മൂന്ന് വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (8), അനുജ് റാവത്ത് (0), വിരാട് കോലി (12 ) എന്നിവരാണ് വേഗം തിരിച്ചുകയറിയത്. തുടര്‍ന്നെത്തിയ സുയാഷ് പ്രഭുദേശായിക്കും (6) നിലയുറപ്പിക്കാനായില്ല. പിന്നാലെ തകര്‍ച്ചയ്‌ക്കിടെ പിടിച്ച് നിന്ന മാക്‌സ്‌വെല്ലും വീണതോടെ ബാംഗ്ലൂര്‍ 11.2 ഓവറില്‍ അഞ്ചിന് 92 എന്ന നിലയിലായി.
also read: IPL 2022 | മുംബൈക്ക് തുടര്‍ച്ചയായ ആറാം തോല്‍വി ; ലഖ്‌നൗവിന്‍റെ ജയം 18 റണ്‍സിന്
തുടര്‍ന്നൊന്നിച്ച കാര്‍ത്തികും ഷഹബാസും പിരിയാതെ 97 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. ഡല്‍ഹിക്കായി ശാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.