പൂനെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 145 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 144 റണ്‍സെടുത്തത്. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന റിയാന്‍ പരാഗിന്‍റെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
31 പന്തില്‍ നാല് സിക്‌സുകളും മൂന്ന് ഫോറും സഹിതം 56 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (21 പന്തില്‍ 27), ആര്‍ അശ്വിന്‍ (9 പന്തില്‍ 17) ഡാരിൽ മിച്ചൽ (24 പന്തില്‍ 16) എന്നിവര്‍ മാത്രമാണ് പരാഗിന് പുറമെ രണ്ടക്കം തൊട്ട താരങ്ങള്‍. ജോസ് ബട്‌ലർ(9 പന്തില്‍ 8) , ദേവ്ദത്ത് പടിക്കൽ (7 പന്തില്‍ 7), ഷിമ്രോൺ ഹെറ്റ്‌മെയർ (7 പന്തില്‍ 3), ട്രെന്‍റ് ബോള്‍ട്ട് (7 പന്തില്‍ 5), പ്രസിദ്ധ് കൃഷ്‌ണ (5 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി.
ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ് നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയും വനിന്ദു ഹസരങ്ക 23 റണ്‍സ് മാത്രം വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജ് നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്.
നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിറങ്ങിയത്.
കരുണ്‍ നായർക്ക് പകരം ഡാരിൽ മിച്ചലും ഒബേദ് മക്കോയ്‌ക്ക് പകരം കുൽദീപ് സെന്നുമാണ് ആദ്യ ഇലവനിലെത്തിയത്. മറുവശത്ത് ഒരുമാറ്റമാണ് ബാംഗ്ലൂരിനുള്ളത്. അനൂജ് റാവത്ത് പുറത്തായപ്പോള്‍ രജത് പട്ടീദാറാണ് ടീമിലിടം പിടിച്ചത്.