മുംബൈ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാൻ റോയൽസും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഏറ്റുമുട്ടും. ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് രാജസ്ഥാനും ലഖ്‌നൗവും ഇറങ്ങുന്നത്.
കളിച്ച 12 മത്സരങ്ങളില്‍ എട്ട് വിജയമുള്ള ലഖ്‌നൗ നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും, ഏഴ് വിജയമുള്ള രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ഒരേ ലക്ഷ്യമാണ് ഇരു സംഘത്തിനുമുള്ളത്.
മത്സരത്തില്‍ രാജസ്ഥാനെതിരെ ജയിക്കാനായാല്‍ ഗുജറാത്ത് ടൈറ്റൻസിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവാന്‍ ലഖ്‌നൗവിന് കഴിയും. മറിച്ചാണെങ്കില്‍ രാജസ്ഥാനും പ്ലേ ഓഫിനോട് കൂടുതല്‍ അടുക്കാം. അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ഇരു സംഘവുമെത്തുന്നത്.
ലഖ്‌നൗ ഗുജറാത്തിനോട് തോറ്റപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടായിരുന്നു രാജസ്ഥാന്‍റെ പരാജയം. ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്തി മുന്നോട്ട് കുതിക്കാനാവും ഇരു സംഘവും ശ്രമിക്കുക. സീസണില്‍ ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രാജസ്ഥാനുണ്ട്. ഈ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാവും ലഖ്‌നൗവിന്‍റെ ശ്രമം.
also read: IPL 2022 | ചെന്നൈക്ക് ഇന്ന് ഗുജറാത്തിനെതിരെ അഭിമാനപ്പോര്
ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‍ലര്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്‍ഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, കുല്‍ദീപ് സെന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാവും. മറുവശത്ത് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്വിന്‍റൺ ഡി കോക്ക്, ദീപക് ഹൂഡ, ക്രുണാല്‍ പണ്ഡ്യ, ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ്, ആവേശ് ഖാൻ, രവി ബിഷ്ണോയ് എന്നിവരിലൂടെയാവും ലഖ്‌നൗവിന്‍റെ മറുപടി.