ജയ്‌പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ(IPL) രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം ടീമിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു. 14 കോടി രൂപ പ്രതിഫലം നൽകിയാണ് താരത്തെ ടീം നിലനിർത്തെയതെന്നാണ് റിപ്പോർട്ട്.
താരലേലത്തിന് മുന്നോടിയായി ഒരു ടീമിന് നാല് താരങ്ങളെയാണ് നിലനിർത്താനാകുക. താരങ്ങളുടെ പട്ടിക അധികൃതർക്ക് കൈമാറേണ്ട അവസാന തീയതി നംവബർ 30 ആണ്. ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റണ്‍, യശ്വസി ജയ്‌സ്വാൾ എന്നീതാരങ്ങളിൽ മൂന്ന് പേരെ ശേഷിക്കുന്ന സ്ഥാനങ്ങളിലേക്കും ടീം പരിഗണിക്കുന്നുണ്ട്.
രാജസ്ഥാന്‍റെ പ്രധാന താരങ്ങളിലൊരാളായ സഞ്ജു കഴിഞ്ഞ സീസണ്‍ അവസാനിച്ചതിന് പിന്നലെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രാജസ്ഥാന്‍റെ പേജ് അണ്‍ഫോളോ ചെയ്‌തിരുന്നു. പിന്നാലെ താരം ചെന്നൈ സൂപ്പർ കിങ്സിനെ(CSK) ഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ താരം റോയൽസ് വിടുമെന്നുള്ള രീതിയിൽ ചർച്ചകൾ സജ്ജീവമായിരുന്നു.
2018 ലെ ഐപിഎൽ സീസണിലാണ് സഞ്ജു രാജസ്ഥാനിലേക്ക് എത്തുന്നത്. അന്ന് എട്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ പ്രതിഫലം. തുടർന്ന് കഴിഞ്ഞ സീസണിൽ സഞ്ജുവിനെ ടീമിന്‍റെ നായകനാക്കിയിരുന്നു. ടീമിനെ സെമിയിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബാറ്റിങിൽ സഞ്ജു തിളങ്ങിയിരുന്നു. 484 റണ്‍സാണ് ടൂർണമെന്‍റിൽ താരം അടിച്ച് കൂട്ടിയത്.
ALSO READ: CSK To Retain Dhoni : 'തല തുടരും', ധോണിയെ ചെന്നൈ നിലനിർത്തുമെന്ന് റിപ്പോർട്ട്
അതേസമയം ടീമിന്‍റെ സൂപ്പർ ഓൾറൗണ്ടർ ബെൻസ്റ്റോക്‌സിന്‍റെ കാര്യത്തിൽ ടീം തീരുമാനമെടുത്തിട്ടില്ല എന്നാണ് റിപ്പോട്ടുകൾ. കഴിഞ്ഞ വർഷം മാനസിക വിശ്രമത്തിനായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന് സ്റ്റോക്‌സ് തന്‍റെ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ നാല് താരങ്ങളെ നിലനിർത്താൻ ഒരു ടീമിന് പരമാവധി 42 കോടി രൂപയാണ് ചിലവഴിക്കാൻ സാധിക്കുക. അതിനാൽ തന്നെ സ്റ്റോക്‌സിനെ റോയൽസ് സ്വന്തമാക്കുമോ എന്നത് കാത്തിരുന്ന് കാണണം.