മുംബൈ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ൻ വില്യംസൺ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ മായങ്കിന് പകരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്.
ഇതോടെ പഞ്ചാബ് ഒരുമാറ്റം വരുത്തി. പ്രഭ്‌സിമ്രാൻ സിങ്ങാണ് മായങ്കിന് പകരം ടീമില്‍ ഇടം പിടിച്ചത്. മറുവശത്ത് ഹൈദരാബാദ് നിരയില്‍ മാറ്റങ്ങളില്ല. സീസണില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇരുസംഘവും ഇറങ്ങുന്നത്.
അവസാന മൂന്ന് കളിയും ജയിച്ചാണ് ഹൈദരാബിന്‍റെ വരവ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച കരുത്തുണ്ട് പഞ്ചാബിന്. കളിച്ച അഞ്ച് മത്സരങ്ങളില്‍ പഞ്ചാബും ഹൈദരാബാദും മൂന്ന് വീതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തും ഹൈദരാബാദ് ഏഴാം സ്ഥാനത്തുമാണ്.
നേരത്തെ ഇരു സംഘവും നേർക്കുനേർ വന്നപ്പോള്‍ ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. 17 മത്സരങ്ങളില്‍ പഞ്ചാബും ഹൈദരാബാദും പരസ്‌പരം പോരടിച്ചപ്പോള്‍ 12ലും ജയിച്ച് കയറിയത് ഹൈദരാബാദാണ്. 5 മത്സരങ്ങളിലാണ് പഞ്ചാബിന് ജയിക്കാനായത്. ഇതോടെ ചരിത്രം തിരുത്തി മുന്നേറാനാവും പഞ്ചാബിന്‍റെ ശ്രമം.
സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (സി), രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിങ്, ജഗദീശ സുചിത്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ.
പഞ്ചാബ് കിങ്സ് : ശിഖർ ധവാൻ(സി), ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിങ്, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ, ഷാരൂഖ് ഖാൻ, ഒഡീന്‍ സ്‌മിത്ത്, കാഗിസോ റബാഡ, രാഹുൽ ചാഹർ, വൈഭവ് അറോറ, അർഷ്ദീപ് സിങ്.