മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു.
22 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ ഇന്നിങ്സാണ് പഞ്ചാബിന് തുണയായത്. ശിഖര്‍ ധവാന്‍ (32 പന്തില്‍ 39), ജോണി ബെയര്‍സ്റ്റോ (15 പന്തില്‍ 23), ജിതേഷ് ശര്‍മ (7 പന്തില്‍ 19) ഷാരൂഖ് ഖാൻ (10 പന്തില്‍ 19), മായങ്ക് അഗര്‍വാള്‍ ( 4 പന്തില്‍ 1), എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. പ്രേരക് മങ്കാദും (1 പന്തില്‍ 4) പുറത്താവാതെ നിന്നു.
ഹൈദരബാദിനായി ഫസൽഹഖ് ഫറൂഖി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍, ജഗദീശ സുചിത്, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനായി അഭിഷേക് ശര്‍മ (32 പന്തില്‍ 43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മോശം തുടക്കമായിരുന്നു ഹൈദരാബാദിന് ലഭിച്ചത്. പ്രിയം ഗാര്‍ഗിന്‍റെ (7 പന്തില്‍ 4) വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്ടമായത്.
നന്നായി തുടങ്ങിയെങ്കിലും രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (21) വൈകാതെ തന്നെ തിരിച്ച് കയറി. പ്രതീക്ഷയായിരുന്ന നിക്കോളാസ് പുരാനും (10 പന്തില്‍ 5) നിരാശപ്പെടുത്തി. തുടര്‍ന്ന് റൊമാരിയോ ഷെഫേര്‍ഡും (പുറത്താവാതെ 26), വാഷിംഗ്ടണ്‍ സുന്ദറും (19 പന്തില്‍ 25) നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
അറാം വിക്കറ്റില്‍ 58 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. ജഗദീശ സുചിത് (0), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഉമ്രാന്‍ മാലിക്കും (1 പന്തില്‍ 0) പുറത്താവാതെ നിന്നു.
പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍, നഥാൻ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നുവിത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ പഞ്ചാബ് ആറാമത് ഫിനിഷ് ചെയ്‌തു. കളിച്ച 14 മത്സരങ്ങളില്‍ 7 ജയത്തോടെ 14 പോയിന്‍റാണ് സംഘത്തിനുള്ളത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ അറ് ജയത്തോടെ 12 പോയിന്‍റാണ് സംഘത്തിനുള്ളത്.