മുംബൈ: ഐപിഎൽ 15ാം സീസണിന്‍റെ പ്ലേ ഓഫ് മത്സരങ്ങള്‍ കൊൽക്കത്തയിലും അഹമ്മദാബാദിലുമായി നടക്കും. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്റ്റേഡിയത്തിന്‍റെ ശേഷിയില്‍ മുഴുവന്‍ കാണികളേയും അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
"പുരുഷന്മാരുടെ ഐപിഎൽ നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് കൊൽക്കത്തയിലും അഹമ്മദാബാദിലും നടക്കും. മെയ് 22 ന് ലീഗ് ഘട്ടങ്ങൾ അവസാനിച്ചതിന് ശേഷം മത്സരങ്ങൾക്ക് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കും." സൗരവ് ഗാംഗുലി പറഞ്ഞു.
ഒന്നാം ക്വാളിഫയറും, എലിമിനേറ്ററും ഈഡൻ ഗാർഡനിലാണ് നടക്കുക. മെയ് 27 ന് നരേന്ദ്ര മോദി സ്റ്റേഡിയം ക്വാളിഫയർ 2ന് ആതിഥേയത്വം വഹിക്കും. മെയ് 29 ന് ഇതേ വേദിയിലാണ് ഫൈനൽ നടക്കുക. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണുകളില്‍ ശൂന്യമായ സ്റ്റേഡിയങ്ങളിലും, പരിമിതമായ കാണികളെ പ്രവേശിപ്പിച്ചുമാണ് ഐപിഎല്‍ അരങ്ങേറിയിരുന്നത്.
നിലവില്‍ പുരോഗമിക്കുന്ന 15ാം സീസണിന്‍റെ തുടക്കത്തില്‍ 25 ശതമാനം കാണികളെയാണ് അനുവദിച്ചിരുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ കൊവിഡ് സാഹചര്യം സുസ്ഥിരമായതോടെ 50 ശതമാനമായി ഉയർത്തിയിരുന്നു. ലീഗ് ഘട്ട മത്സരങ്ങള്‍ മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലും പുനെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്.
also read: IPL 2022: കോലിയുടെ കന്നി ഐപിഎല്‍ സെഞ്ചുറി പിറന്നിട്ട് ആറ് വര്‍ഷം