മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്ക് നേര്‍. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് ഡല്‍ഹിയും പഞ്ചാബും ഇറങ്ങുന്നത്.
കളിച്ച 12 മത്സരങ്ങളില്‍ ആറ് ജയത്തോടെ 12 വീതം പോയിന്‍റാണ് ഇരു സംഘത്തിനുമുള്ളത്. എന്നാല്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി അഞ്ചാമതുള്ളപ്പോള്‍ പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഇതോടെ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയമല്ലാതെ മറ്റൊന്നും ഇരുവര്‍ക്കും മുന്നിലില്ല.
ക്യാപ്റ്റന്‍ മായങ്ക് അഗർവാൾ, ശിഖര്‍ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ജോണി ബെയർസ്റ്റോ, കഗീസോ റബാഡ, അര്‍ഷ്‌ദീപ് സിങ് തുടങ്ങിയ താരങ്ങളിലാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. മറുവശത്ത് ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഡേവിഡ് വാർണർ, റോവ്മാൻ പവൽ, അക്‌സര്‍ പട്ടേല്‍, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ എന്നിവര്‍ തിളങ്ങിയാല്‍ ഡല്‍ഹിക്കും മിന്നാനാവും.
സീസണില്‍ ആദ്യ മത്സരത്തില്‍ ഡൽഹി ഒൻപത് വിക്കറ്റിന് പഞ്ചാബിനെ കീഴടക്കിയിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 115 റൺസ് ലക്ഷ്യം 57 പന്ത് ശേഷിക്കേയാണ് ഡൽഹി മറികടന്നത്. ഈ കനത്ത തോൽവിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാവും പഞ്ചാബിറങ്ങുക.
also read: IPL 2022: ലഖ്‌നൗവിനെ തകര്‍ത്തു; സഞ്‌ജുവും സംഘവും പ്ലേ ഓഫിനരികെ
പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഡല്‍ഹിയും പഞ്ചാബും നടത്തിയത്. നേരത്തെ 29 മത്സരങ്ങളിലാണ് ഇരു സംഘവും നേര്‍ക്ക് നേര്‍ വന്നത്. ഇതില്‍ 15 മത്സരങ്ങളില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ 14 മത്സരങ്ങള്‍ ഡല്‍ഹിക്കൊപ്പം നിന്നു. അതേസമയം അവസാന അഞ്ച് മത്സരങ്ങളില്‍ നാലും ഡല്‍ഹിക്കൊപ്പം നിന്നപ്പോള്‍ ഒരു തവണമാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.