കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ ഇക്കുറി രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന് സാധിച്ചിട്ടുണ്ട്. കളിച്ച മത്സരങ്ങളില്‍ 11 വിക്കറ്റുകളും 183 റണ്‍സുമാണ് അശ്വിന്‍റെ സമ്പാദ്യം. തന്‍റെ ഐപിഎല്‍ കരിയറില്‍ ഏറ്റവും മികച്ച സീസണാണിതെന്ന് അശ്വിന്‍ പറഞ്ഞു.
"ഒരു ക്രിക്കറ്ററെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എന്നെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും വ്യത്യസ്തമായ ഒരു വർഷമാണ്. സത്യം പറഞ്ഞാൽ, ഐപിഎല്ലിലെ എന്‍റെ അനുഭവത്തില്‍ ഏറ്റവും സന്തോഷകരമായ വർഷങ്ങളിലൊന്നാണിത്." അശ്വിന്‍ പറഞ്ഞു.
ബാറ്റിങ്ങില്‍ പിഞ്ച് ഹിറ്ററായി മാറിയ താരം രാജസ്ഥാന്‍റെ പല മത്സരങ്ങളിലും നിര്‍ണായകമായിരുന്നു. കൂടാതെ മികച്ച ഫിനിഷിങ് നടത്തിയും അശ്വിന്‍ ശ്രദ്ധേയമായി. ഇത്തരം പരീക്ഷണങ്ങള്‍ താന്‍ ഇഷ്‌ടപ്പെടുന്നതായും താരം പറഞ്ഞു. ''പ്രകടനത്തിന്‍റെ കാര്യത്തിൽ ഞാൻ എത്രമാത്രം ആസ്വദിച്ചു എന്നതിനെക്കുറിച്ചാണത്. ഞാൻ പരീക്ഷണം നിർത്തുന്ന ദിവസം, അതിനോടുള്ള അഭിനിവേശം നഷ്‌ടപ്പെടുന്ന ദിവസം, അന്ന് ഞാന്‍ കളി മതിയാക്കും." അശ്വിന്‍ വ്യക്തമാക്കി.
ജീവിതത്തിൽ ഒരു ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു. വ്യത്യസ്‌തമായ വഴികളിലൂടെയും പരീക്ഷണങ്ങളിലൂടെയും അതുനേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പരിശ്രമങ്ങള്‍ക്കിടെയുള്ള വിമര്‍ശനങ്ങള്‍ തന്നെ ആകുലപ്പെടുത്തുന്നില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
"ഇതൊരു യാത്രയാണ്, ഞാൻ ഒരുപാട് തെറ്റുകൾ വരുത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഡങ്കൻ ഫ്ലെച്ചർക്ക് കീഴില്‍ പരിശീലിച്ചിരുന്നു. എങ്ങനെ മെച്ചപ്പെടുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം പറഞ്ഞത്, മെച്ചപ്പെടാനുള്ള ഒരേയൊരു മാർഗം തെറ്റുകൾ വരുത്തുകയും ആളുകളുടെ മുന്നിൽ പരാജയപ്പെടുകയും ചെയ്യുക എന്നതാണ് എന്നാണ്." അശ്വിന്‍ വെളിപ്പെടുത്തി.
തന്‍റെ ജീവിതകാലത്തില്‍ മുഴുവൻ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യവും ഇതുതന്നെയാണ്. ഇതേതുടര്‍ന്ന് ആളുകളിൽ നിന്ന് ധാരാളം വിമർശനങ്ങൾ ലഭിച്ചിട്ട്. എന്തിനാണ് താന്‍ ഇത്രമാത്രം ചെയ്യുന്നതെന്നും, അതിമോഹമാണോ, അതിന് കാരണമെന്നൊക്കെയും അളുകള്‍ പറയാറുണ്ട്. എന്നാല്‍ തന്നെ സ്വയം പ്രകടിപ്പിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അവസരം നല്‍കിയാല്‍ ഇനിയും കൂടൂതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അശ്വന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വാതന്ത്ര്യത്തോടെയും പ്രതീക്ഷകളുമില്ലാതെയും കളിക്കുന്നതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഏറ്റവും വലിയ ശക്തിയെന്നും അശ്വിന്‍ വ്യക്തമാക്കി. സഞ്‌ജു സാംസണ് കീഴില്‍ ഇറങ്ങുന്ന രാജസ്ഥാന്‍ ഇക്കുറി മികച്ച പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ നടത്തുന്നത്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ ക്വാളിഫയറില്‍ സംഘം പരാജയപ്പെട്ടിരുന്നു.
also read: 'പാതകൾ വെല്ലുവിളി നിറഞ്ഞതായിരിക്കും, കഠിനാധ്വാനം ചെയ്യുക' ; മകന് ഉപദേശവുമായി സച്ചിൻ
എന്നാല്‍ തോറ്റെങ്കിലും രാജസ്ഥാന്‍റെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറിലൂടെ ഒരു അവസരം കൂടി സംഘത്തിന് ലഭിക്കും. ബുധനാഴ്‌ച നടക്കുന്ന എലിമിനേറ്ററിലെ വിജയിയെയാണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ നേരിടുക. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് എലിമിനേറ്ററില്‍ ഏറ്റുമുട്ടുന്നത്.