മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 199 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തിലാണ് 198 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ധവാനുമാണ് പഞ്ചാബിന്‍റെ ഇന്നിങ്സിന്‍റെ നെടുന്തൂണായത്.
50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 70 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ അറ് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സാണ് മായങ്കിന്‍റെ സമ്പാദ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് ആശിച്ച തുടക്കമാണ് ധവാന്‍-മായങ്ക് സഖ്യം നല്‍കിയത്.
9.3 ഓവറില്‍ സ്‌കോര്‍ 97ല്‍ നില്‍ക്കെ മായങ്കിനെ പുറത്താക്കി മുരുകന്‍ അശ്വിനാണ് മുംബൈക്ക് അശ്വാസമായത്. തുടര്‍ന്നെത്തിയ ജോണി ബ്രിസ്‌റ്റോയ്‌ക്കും (13 പന്തില്‍ 12), ലിയാം ലിവിങ്സ്‌റ്റണും (3 പന്തില്‍ 2) വലിയ സംഭാവനകള്‍ നല്‍കാനായില്ല. ഇതിനിടെ ധവാനും തിരിച്ചുകയറി.
അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ജിതേഷ് ശര്‍മയും ഷാരുഖ് ഖാനും നിര്‍ണായകമായി. 20ാം ഓവറിന്‍റെ നാലാം പന്തില്‍ ഷാരുഖ് ഖാനെ (6 പന്തില്‍ 15) ബേസില്‍ തമ്പി പുറത്താക്കി. 14 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം 30 റണ്‍സുമായി ജിതേശ് ശര്‍മയും ഒഡെയ്ന്‍ സ്മിത്തും ( 1പന്തില്‍ 1) പുറത്താവാതെ നിന്നു.
മുംബൈക്കായി ബേസില്‍ തമ്പി 4 ഓവറില്‍ 47 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ജയദേവ് ഉനദ്ഘട്ട്, ജസ്‌പ്രീത് ബുംറ, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.