മുംബൈ : ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോറ്റ് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 52 റണ്‍സിനാണ് മുംബൈ തോല്‍വി വഴങ്ങിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 17.3 ഓവറിൽ 113 റൺസിന് പുറത്താവുകയായിരുന്നു.
സീസണില്‍ മുംബൈയുടെ ഒൻപതാം തോൽവിയാണിത്. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന് മാത്രമേ മുംബൈ നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. 43 പന്തില്‍ 51 റണ്‍സാണ് കിഷന്‍റെ സമ്പാദ്യം. രമണ്‍ ദീപ് സിങ് (16 പന്തില്‍ 12), ടിം ഡേവിഡ് (9 പന്തില്‍ 13), കീറോണ്‍ പൊള്ളാഡ് (16 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം മുംബൈയുടെ ആറ് താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി.
കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ആന്ദ്രേ റസ്സല്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. അഞ്ചോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട കൊല്‍ക്കത്തയെ നാലോവറില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയാണ് കൂറ്റന്‍ സ്കോറിലേക്ക് പോകാതെ തടഞ്ഞത്.
കൊല്‍ക്കത്തയ്‌ക്കായി വെങ്കിടേഷ് അയ്യര്‍ (24 പന്തില്‍ 43), നിതീഷ് റാണ (26 പന്തില്‍ 43) എന്നിവര്‍ തിളങ്ങി. അജിങ്ക്യ രഹാനെ (24 പന്തില്‍ 25), റിങ്കു സിങ് (പുറത്താവാതെ 19 പന്തില്‍ 23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരടക്കം മൂന്ന് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.
മുംബൈയ്‌ക്കായി നാലോവറില്‍ ഒരു മെയ്‌ഡന്‍ ഉള്‍പ്പടെ പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ പിഴുതത്. കുമാര്‍ കാര്‍ത്തികേയ രണ്ടും, ഡാനിയല്‍ സാംസ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.