മുംബൈ : ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് വാങ്കഡെയിലാണ് മത്സരം ആരംഭിക്കുക. സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിനാണ് ചെന്നൈയും മുംബൈയും ഇറങ്ങുന്നത്.
കളിച്ച 11 മത്സരങ്ങളില്‍ നാല് വിജയമുള്ള ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, രണ്ട് ജയം മാത്രമുള്ള മുംബൈ പത്താമതുമാണ്. ഇനി ഒന്നും നഷ്‌ടപ്പെടാനില്ലാത്ത മുംബൈക്കെതിരെ തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ വിദൂര സാധ്യതകളും അടയും.
ആശ്വാസവും അശങ്കയും : ഓപ്പണർമാരായ ഡെവൺ കോൺവേയും റിതുരാജ് ഗെയ്‌ക്‌വാദും ഫോമിലെത്തിയത് ചെന്നൈക്ക് ആശ്വാസമാണ്. റോബിൻ ഉത്തപ്പ, അമ്പാട്ടി റായ്‌ഡു, മൊയിൻ അലി, ശിവം ദുബെ, ക്യാപ്റ്റന്‍ എംഎസ് ധോണി, മഹേഷ് തീക്ഷണ എന്നിവര്‍ കൂടി തിളങ്ങിയാല്‍ ചെന്നൈയെ പിടിച്ചുകെട്ടുക പ്രയാസം. പരിക്കേറ്റ രവീന്ദ്ര ജഡേജ പുറത്തായത് സംഘത്തിന് തിരിച്ചടിയാണ്.
മറുവശത്ത് സൂര്യകുമാര്‍ യാദവിന്‍റെ പുറത്താകല്‍ മുംബൈക്ക് കനത്ത തിരിച്ചടിയാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒറ്റപ്പെട്ട ചില പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എടുത്തുപറയത്തക്കതൊന്നും മുംബൈക്കില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കുന്ന തുടക്കമാവും സംഘത്തിന്‍റെ ഊര്‍ജം.
തിലക് വർമ, ടിം ഡേവിഡ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ മിന്നിയാല്‍ മുംബൈ അപകടകാരികളാവും. ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഫോം ടീമിന് ആശങ്കയാണ്.
also read: ജഡേജയും ചെന്നൈയും തമ്മില്‍ തര്‍ക്കം ? ; താരത്തെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌ത് ഫ്രാഞ്ചൈസി
ചരിത്രം : സീസണിൽ നേരത്തെ ഇരു സംഘവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ മൂന്ന് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു. എന്നാല്‍ പരസ്‌പര പോരാട്ടത്തില്‍ മുംബൈക്ക് മുന്‍തൂക്കമുണ്ട്. നേരത്തെ 33 മത്സരങ്ങളിലാണ് മുംബൈയും ചെന്നൈയും മുഖാമുഖം വന്നത്. 19 മത്സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ 14 മത്സരങ്ങളാണ് ചെന്നൈക്കൊപ്പം നിന്നത്.