മുംബൈ : ടി20 ക്രിക്കറ്റില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിങ്സ് നായകന്‍ എംഎസ് ധോണി. ടി20യില്‍ 6,000 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം നായകനെന്ന റെക്കോഡാണ് ധോണി നേടിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തില്‍ നാലാം നമ്പറായി ക്രീസിലെത്തിയ ധോണി എട്ട് പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈ മത്സരത്തിന് മുന്‍പേ നിര്‍ണായക നേട്ടത്തിനായി നാല് റണ്‍സ് മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. നേരിട്ട രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ സിക്‌സിന് പറത്തിയാണ് താരം നേട്ടം ആഘോഷിച്ചത്.
ഫോര്‍മാറ്റില്‍ ധോണിയുടെ 303ാമത്തെ മത്സരമായിരുന്നു ഇത്. 38.57 ശരാശരിയില്‍ 23 അര്‍ധ സെഞ്ചുറിയടക്കമാണ് ധോണിയുടെ പ്രകടനം. അതേസമയം ഇന്ത്യയുടേയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെയും മുന്‍ നായകന്‍ വിരാട് കോലിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
also read: IPL 2022 | നേരത്തേ ജയിച്ച് തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു : ധോണി
190 മത്സരങ്ങളിൽ (185 ഇന്നിങ്സ്) അഞ്ച് സെഞ്ചുറികളും 48 അർധസെഞ്ചുറികളും സഹിതം 43.29 ശരാശരിയിൽ 6451 റൺസുമായി കോലി പട്ടികയില്‍ ഒന്നാമതുണ്ട്.