മുംബൈ : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 182 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സെടുത്തത്. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്‍റെ പ്രകടനമാണ് സംഘത്തിന് തുണയായത്. 64 പന്തില്‍ 11 ഫോറും രണ്ട് സിക്‌സുകളും സഹിതം 96 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 7.2 ഓവറില്‍ ടീം ടോട്ടല്‍ 62ല്‍ നില്‍ക്കെ നാല് വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്. അനുജ് റാവത്ത് (4), വിരാട് കോലി(0), ഗ്ലെന്‍ മാക്സ്‌വെല്‍ (11 പന്തില്‍ 23), സുയാഷ് പ്രഭുദേശായി(10) എന്നിവരാണ് വേഗം തിരിച്ചുകയറിയത്.
തുടര്‍ന്നെത്തിയ ഷഹബാസ് അഹമ്മദ് (22 പന്തില്‍ 26), ദിനേഷ് കാര്‍ത്തിക് ( 8 പന്തില്‍ 13) എന്നിവരെ കൂട്ടുപിടിച്ചായിരുന്നു ഡുപ്ലെസിസിന്‍റെ പോരാട്ടം. ഒടുവില്‍ 20ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് അര്‍ഹിച്ച സെഞ്ചുറിക്കരികെ ഡുപ്ലെസിസ് വീണത്.
ലഖ്നൗവിനായി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയ ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത ദുഷ്മന്ത് ചമീരയ്‌ക്കും രണ്ട് വിക്കറ്റുണ്ട്. നേരത്തെ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരുസംഘവും ഇന്നിറങ്ങിയത്.