മുംബൈ : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് വീണ്ടും തിരിച്ചടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് ശിക്ഷവിധിച്ചിരിക്കുന്നത്.
അമ്പയറോട് കയര്‍ത്തതിന് സഹതാരം മാര്‍ക്കസ് സ്റ്റോയിനിസിന് കര്‍ശന താക്കീതുമുണ്ട്. ഇരുവര്‍ക്കുമെതിരെ ലെവല്‍ -1 കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലഖ്‌നൗ ഇന്നിങ്സിന്‍റെ 19ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്തായതിന് പിന്നാലെയാണ് സ്‌റ്റോയിനിസ് അമ്പയറോട് കയര്‍ത്തത്. ജോഷ് ഹെയ്‌സെല്‍വുഡ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് വൈഡാണെന്ന് ഉറപ്പുള്ളതിനാല്‍ സ്റ്റോയിനിസ് കളിച്ചില്ല.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ കുറ്റി തെറിച്ച താരത്തിന് തിരിച്ചുകയറേണ്ടി വന്നു. അമ്പയറോട് ആക്രോശിച്ചാണ് താരം ക്രീസ് വിട്ടത്. സ്‌റ്റോയിനിസ് മോശം ഭാഷ ഉപയോഗിച്ചത് സ്റ്റംപ് മൈക്രോഫോണിൽ പിടിക്കപ്പെട്ടിരുന്നു.
also read: വിരാട് കോലിക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേള അനിവാര്യം : രവി ശാസ്ത്രി
അതേസമയം മത്സരത്തില്‍ 18 റണ്‍സിനാണ് ബാംഗ്ലൂര്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ വെറും 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡാണ് ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തത്.