മുംബൈ : സഞ്‌ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ തങ്ങള്‍ ആസ്വദിച്ചാണ് കളിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. തങ്ങൾ ഒരുമിച്ചതുമുതൽ ഒരു കളിക്കാരനെന്ന നിലയിൽ സഞ്‌ജു കൂടുതല്‍ പക്വത പ്രാപിച്ചതായി ബട്‌ലര്‍ പറഞ്ഞു. ക്യാപ്റ്റനായതിന് ശേഷം സഞ്‌ജുവിന് വലിയ മാറ്റങ്ങളുണ്ടായിട്ടില്ല.
ഏതൊരു ക്യാപ്റ്റനും ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണിതെന്നും ബട്‌ലര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായി ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബട്‌ലര്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ സീസണ്‍ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ച രാജസ്ഥാന്‍ സഞ്‌ജുവിന് കീഴില്‍ ഇക്കുറി മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച സംഘം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനേയും രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈയെയുമാണ് രാജസ്ഥാന്‍ കീഴടക്കിയത്.
അതേസമയം പ്രതിസന്ധി ഘട്ടങ്ങളിൽ വെറ്ററൻമാരായ രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ട്രെന്‍റ് ബോൾട്ട് എന്നിവരുടെ 'അമൂല്യമായ അനുഭവം ടീമിന് പ്രയോജനം ചെയ്യുമെന്നും ബട്‌ലര്‍ പറഞ്ഞു.
'അവരുടെ അനുഭവം ശരിക്കും വിലമതിക്കാനാവാത്തതാണ്. ടീമില്‍ ഇത്തരം ആളുകൾ ഉണ്ടായിരിക്കുന്നത് അതിശയകരമാണ്, ഞങ്ങൾക്ക് ധാരാളം അനുഭവങ്ങൾ പങ്കുവയ്‌ക്കാനുണ്ട്. മുംബൈയ്‌ക്കെതിരായ കളിയില്‍ മേല്‍ക്കൈ നേടാന്‍, ഞങ്ങൾക്ക് വിക്കറ്റുകൾ ആവശ്യമായിരുന്നു.
അപ്പോഴാണ് അശ്വിൻ ഒരു മികച്ച വിക്കറ്റ് വീഴ്‌ത്തിയത്. തുടർന്ന് യുസ്‌വിക്ക് (യുസ്‌വേന്ദ്ര ചാഹൽ)രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ഇവര്‍ ടോപ് പെര്‍ഫോമേഴ്‌സാണ്. കാര്യങ്ങൾ എങ്ങനെ നന്നായി കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയാം'- ബട്‌ലര്‍ വ്യക്തമാക്കി.