മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തേയും മോശം സീസണിലൂടെയാണ് അഞ്ച് തവണ ചാമ്പ്യന്മാരയ മുംബൈ ഇന്ത്യന്‍സ് കടന്നുപോകുന്നത്. 15ാം സീസണില്‍ കളിച്ച എട്ട് മത്സരങ്ങളിലും രോഹിത് ശര്‍മ നയിക്കുന്ന സംഘം പരാജയപ്പെട്ടിരുന്നു. ഇതോടെ ഒരു സീസണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്നെ നാണക്കേടും മുന്‍ ചാമ്പ്യന്മാരുടെ തലയിലായി.
ഇപ്പോഴിതാ എട്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം രോഹിത് ശർമ്മയെ ഒരു തകർന്ന മനുഷ്യനെപ്പോലെയാണ് തോന്നിയതെന്നാണ് കമന്‍റേറ്ററും മുന്‍ വിന്‍ഡീസ് താരമാവുമായ ഇയാൻ ബിഷപ്പ് പറയുന്നത്. ''താൻ സംസാരിച്ചപ്പോൾ രോഹിത് ആകെ തകർന്നിരുന്നു, ''വളരെയേറെ പാരമ്പര്യമുള്ള ഒരു ടീം ഈ അവസ്ഥയിലൂടെ കടന്ന പോകുമ്പോള്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. തീര്‍ച്ചയായും അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാവും.''ബിഷപ്പ് പറഞ്ഞു.
ടീമില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “വ്യക്തിപരമായി, അവർക്ക് ടിം ഡേവിഡ് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണ് അദ്ദേഹം കൂടുതൽ തവണ കളിക്കാത്തതെന്ന് എനിക്കറിയില്ല.“ ബിഷപ്പ് പറഞ്ഞു. ബാറ്റിങ് നിരയില്‍ സൂര്യകുമാർ യാദവ് നന്നായി കളിക്കുന്നതായി പറഞ്ഞ ബിഷപ്പ് ബൗളര്‍മാര്‍ കൂടുതല്‍ റണ്‍ വഴങ്ങുന്നതായും ചൂണ്ടിക്കാട്ടി.
also read: ഷെയ്‌ൻ വോണിന് ആദരം, മുംബൈയ്ക്ക് എതിരെ ഇറങ്ങുന്നത് പ്രത്യേക ജേഴ്‌സിയണിഞ്ഞ്
അതേസമയം ആശ്വാസ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കാനിറങ്ങും. രാത്രി 7.30 ന് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കെത്താനാകും രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം.