അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരുമാറ്റവുമായാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്.
അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസണാണ് ടീമില്‍ ഇടം പിടിച്ചത്. രാജസ്ഥാന്‍ നിരയില്‍ മാറ്റങ്ങളില്ല. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്തിന്‍റെ ഫൈനല്‍ പ്രവേശനം. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കിയാണ് രാജസ്ഥാന്‍ ഫൈനലിനെത്തുന്നത്.
14 വർഷത്തിന് ശേഷമാണ് രാജസ്ഥാന്‍ ഐപിഎൽ ഫൈനൽ കാണുന്നത്. 2008ൽ ഷെയ്ൻ വോണിന് കീഴില്‍ രാജസ്ഥാന്‍ ആദ്യ കിരീടം നേടുമ്പോള്‍, ടീമിന്‍റെ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു. അതേസമയം സീസണില്‍ കന്നിക്കാരായ ഗുജറാത്തിറന്‍റെ ആദ്യ ഫൈനലാണിത്.
ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്, മികച്ച പ്രകടനമാണ് സീസണിൽ നടത്തിയത്. ചെന്നൈ സൂപ്പർ കിങ്ങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് പിന്നാലെ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ എത്തുന്ന ടീമാണ് ഗുജറാത്ത്. ഇന്ന് ജയിച്ചാൽ അരങ്ങേറ്റ സീസണില്‍ ജയമെന്ന രാജസ്ഥാന്‍റെ റെക്കോഡിനൊപ്പം ഇവർക്കും എത്താം.
വൃദ്ധിമാന്‍ സാഹയും മാത്യു വെയ്‌ഡും മികച്ച തുടക്കം നൽകിയാൽ ടൈറ്റൻസിന് മികച്ച സ്‌കോർ പടുത്തുയർത്താം. നട്ടെല്ലായി ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും. കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിവുള്ള മില്ലർ ക്രീസിലുറച്ചാൽ സിക്‌സറുകളുടെ പെരുമഴയായിരിക്കും. റാഷിദ് ഖാന്‍റെ സ്‌പിന്നിലും മുഹമ്മദ് ഷമിയുടെ പേസിലും ടൈറ്റൻസിന് പ്രതീക്ഷയേറെ.
സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നൽ തുടക്കവും ജയ്‌സ്വാളിന്‍റെ വെടിക്കെട്ടിലുമാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മധ്യനിരയിൽ നായകൻ സഞ്ജുവും ദേവ്ദത്ത് പടിക്കലും ഹെറ്റ്മയറുമുണ്ട്. സ്‌പിന്നുകൊണ്ട് ബാറ്റർമാരെ വട്ടംകറക്കാൻ ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചഹലും കളത്തിലെത്തും. ട്രെന്‍ഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബേദ് മക്കോയിയുമുള്ള പേസ് നിരയാണ് കൂടുതൽ അപകടകാരികൾ.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ (സി), ദേവദത്ത് പടിക്കൽ, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, ഒബേദ് മക്കോയ്, യുസ്‌വേന്ദ്ര ചാഹൽ.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ (സി), ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി.