കൊല്‍ക്കത്ത: അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്ലില്‍ ഫൈനലിലെത്തിച്ച നാകയനാവുകയാണ് ഹാര്‍ദിക് പാണ്ഡ്യ. പരിക്കുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റാണ് പ്രവചനങ്ങള്‍ക്ക് അതീതമായ പാണ്ഡ്യ ഗുജറാത്തിനെ ഫൈനലിലേക്ക് നയിച്ചത്. തന്‍റെ കരിയറില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുത്തത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയില്‍ നിന്നാണെന്ന് തുറന്ന് പറയുകയാണ് താരമിപ്പോള്‍.
"തീര്‍ച്ചയായും മഹി ഭായ് എന്‍റെ ജീവിതത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് പ്രിയപ്പെട്ട സഹോദരനും, പ്രിയ സുഹൃത്തും, കുടുംബവുമാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഇത് വ്യക്തിപരമായി ശക്തനായിരിക്കുക എന്നതിനെക്കുറിച്ചായിരുന്നു.'' പാണ്ഡ്യ പറഞ്ഞു.
സീസണില്‍ മികച്ച പ്രകടനം നടത്താനും പാണ്ഡ്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കളിച്ച മത്സരങ്ങളില്‍ 132.84 സ്‌ട്രൈക്ക് റേറ്റില്‍ 453 റൺസാണ് താരം നേടിയത്. അതേസമയം ആദ്യ ക്വാളിഫറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് പാണ്ഡ്യപ്പട കലാശപ്പോരിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 191 റണ്‍സെടുത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു.
പാണ്ഡ്യക്കൊപ്പം പുറത്താവാതെ നിന്ന് അവസരോചിത പ്രകടനം നടത്തിയ ഡേവിഡ് മില്ലറുമാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. 38 പന്തില്‍ 68 റണ്‍സെടുത്ത മില്ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് 27 പന്തില്‍ 40 റണ്‍സെടുത്തു.
മികച്ച പ്രകടനത്തില്‍ മില്ലറേയും ഗുജറാത്ത് നായകന്‍ അഭിനന്ദിച്ചു. "മത്സരത്തിലേക്ക് അവന്‍ ഞങ്ങളെ തിരിച്ചുകൊണ്ടു വന്ന രീതിയില്‍ ഞാൻ ആത്മാർഥമായി അഭിമാനിക്കുന്നു. അവൻ ശരിക്കും ഒരു നല്ല വ്യക്തിയാണ്.
also read: ''പരീക്ഷണങ്ങളോടുള്ള അഭിനിവേശം അവസാനിക്കുന്ന ദിവസം ഞാൻ കളി മതിയാക്കും'': അശ്വിൻ
അവനോടൊപ്പം കളിക്കുന്നതിലും അത് ആസ്വദിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു. അവന് എപ്പോഴും നല്ല കാര്യങ്ങൾ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" പാണ്ഡ്യ പറഞ്ഞു.