മുംബൈ : ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 208 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തിലാണ് 207 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഡേവിഡ് വാര്‍ണര്‍, റോവ്‌മാന്‍ പവല്‍ എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്.
വാര്‍ണര്‍ 58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 92 റണ്‍സെടുത്തപ്പോള്‍, 35 പന്തില്‍ മൂന്ന് ഫോറും അറ് സിക്‌സും പറത്തിയ പവല്‍ 67 റണ്‍സ് അടിച്ചുകൂട്ടി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 122 റണ്‍സിന്‍റെ കൂട്ടുകെട്ടാണുയര്‍ത്തിയത്. മന്‍ദീപ് സിങ് (5 പന്തില്‍ 0), മിച്ചല്‍ മാര്‍ഷ് (7 പന്തില്‍ 10), റിഷഭ് പന്ത് (16 പന്തില്‍ 26) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയ സീൻ ആബട്ടിനും, മൂന്ന് ഓവറില്‍ 34 റണ്‍സ് വഴങ്ങിയ ശ്രേയസ് ഗോപാലിനും ഓരോ വിക്കറ്റുണ്ട്. ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തു.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയിറങ്ങിയത്.
മൻദീപ് സിങ്, റിപാൽ പട്ടേൽ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ എന്നിവര്‍ ടീമിലെത്തിയപ്പോള്‍, പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, മുസ്തഫിസുർ റഹ്മാൻ, ചേതൻ സക്കരിയ എന്നിവര്‍ പുറത്തായി. മറുവശത്ത് ഹൈദരാബാദ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്.
കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, സീൻ ആബട്ട് എന്നിവര്‍ ടീമിനായി അരങ്ങേറ്റം നടത്തും. പരിക്കേറ്റ് നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും പുറത്തായപ്പോള്‍, കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനം മാര്‍ക്കോ ജാന്‍സണ് വിനയായി.