മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 196 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തിലാണ് 195 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരുടെ പ്രകടനമാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.
51 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 77 റണ്‍സെടുത്ത രാഹുലാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് ഹൂഡയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുയര്‍ത്തിയ 95 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ലഖ്‌നൗ ടോട്ടലിന്‍റെ നട്ടെല്ല്.
13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്‍റൺ ഡി കോക്കാണ് പുറത്തായ മറ്റൊരു താരം. മാർക്കസ് സ്റ്റോയിനിസ് (16 പന്തില്‍ 17) , ക്രുനാൽ പാണ്ഡ്യ (5 പന്തില്‍ 8) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ശാര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയിറങ്ങിയത്. മറുവശത്ത് ലഖ്‌നൗ നിരയില്‍ ഒരുമാറ്റമുണ്ട്. ആവേശ് ഖാന്‍ പുറത്തായപ്പോള്‍ കൃഷ്ണപ്പ ഗൗതം ടീമിലിടം നേടി.