മുംബൈ : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തില്‍ (ഓൺ-ഫീൽഡ്) റിഷഭ് പന്തിന്‍റെ പല തീരുമാനങ്ങള്‍ക്കുമെതിരെ മുന്‍ താരങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ താരത്തിന് പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്. പുറത്തുനിന്ന് വിലയിരുത്തൽ എളുപ്പമാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു.
പന്തിന് കീഴിൽ ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ അഞ്ചിൽ മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്സിനോട് 91 റൺസിന്‍റെ കനത്ത തോല്‍വി സംഘം ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെ ബൗളിങ് മാറ്റങ്ങളും മത്സരങ്ങളിലെ നിർണായക ഘട്ടങ്ങളിൽ പന്തെറിയുന്ന ബൗളർമാരുടെ തിരഞ്ഞെടുപ്പുമടക്കം വിമര്‍ശിച്ച് വീരേന്ദർ സെവാഗിനെപ്പോലുള്ള മുൻ താരങ്ങൾ രംഗത്തെത്തയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ പോണ്ടിങ്ങിന്‍റെ പ്രതികരണം.
"അവൻ (പന്ത്) കളിക്കളത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. ഞാൻ മുമ്പ് ഒരു ടി20 ക്യാപ്റ്റനായിരുന്നതിനാൽ, അങ്ങേയറ്റത്തെ സമ്മർദ ഘട്ടങ്ങളില്‍ നിങ്ങൾക്ക് ചിന്തിക്കാൻ കൂടുതൽ സമയമില്ലെന്ന് എനിക്കറിയാം. പുറത്തുനിന്ന് വിലയിരുത്തലുകൾ നടത്തുന്നത് എളുപ്പമാണ്, പക്ഷേ നിങ്ങള്‍ കളിക്കളത്തിലായിരിക്കുമ്പോള്‍ അത് എളുപ്പമുള്ള കാര്യമല്ല " - പോണ്ടിങ് പറഞ്ഞു.
ഒരു ക്യാപ്റ്റന്‍റെ തീരുമാനമെടുക്കൽ പ്രക്രിയയെക്കുറിച്ചും പോണ്ടിങ് വിശദീകരിച്ചു. "ഒരു ക്യാപ്റ്റൻ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുമാനങ്ങൾ എടുക്കുന്നു, അവൻ എടുക്കുന്ന തീരുമാനമാണ് മത്സരത്തിന്‍റെ ആ സമയത്ത് ടീമിന് ഏറ്റവും മികച്ചതെന്ന് കരുതുന്നു. ബൗണ്ടറി സൈസ്, ക്രീസിലെ ബാറ്റര്‍ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തായിരിക്കും ആ തീരുമാനങ്ങൾ" - പോണ്ടിങ് വ്യക്തമാക്കി.
also read: IPL 2022 | നേരത്തേ ജയിച്ച് തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു : ധോണി
അതേസമയം ചെന്നൈക്കെതിരായ മത്സരത്തില്‍ കളിയുടെ എല്ലാ മേഖലയിലും തന്‍റെ ടീം മോശം പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാൽ ഡല്‍ഹിക്ക് പ്ലേ ഓഫിൽ കടക്കാമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.