മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 156 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടി പൊരുതി നിന്ന തിലക് വര്‍മയാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്.
പുറത്താവാതെ 43 പന്തില്‍ 51 റണ്‍സാണ് തിലക് അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവ് 21 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹൃതിക് ഷൊക്കീന് 25 റണ്‍സ് നേടി. രോഹിത് ശർമ (2 പന്തില്‍ 0), ഇഷാൻ കിഷൻ(1 പന്തില്‍ 0), ഡെവാൾഡ് ബ്രെവിസ് (7 പന്തില്‍ 4), കീറോൺ പൊള്ളാർഡ്(9 പന്തില്‍ 14), ഡാനിയൽ സാംസ് (3 പന്തില്‍ 5), എന്നിവര്‍ നിരാശപ്പെടുത്തി. ജയ്ദേവ് ഉനദ്ഘട്ട് (9 പന്തില്‍ 19) പുറത്താവാതെ നിന്നു.
ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്വെയിന്‍ ബ്രാവോ രണ്ടും, മിച്ചൽ മിച്ചൽ സാന്റ്നർ, മഹേഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മൂന്ന് മാറ്റങ്ങളോടെയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇറങ്ങിയത്. റിലേ മെറെഡിത്തും, ഹൃത്വിക് ഷോക്കീനും അരങ്ങേറ്റം നടത്തിയപ്പോള്‍ ഡാനിയൽ സാംസ് ടീമില്‍ തിരിച്ചെത്തി.
മറുവശത്ത് ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. മൊയിന്‍ അലിയും ക്രിസ് ജോര്‍ദാനും പുറത്തായപ്പോള്‍ മിച്ചൽ സാന്റ്നർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.